
സ്വകാര്യ ടിവി ചാനലില്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഇന്ത്യന്‍ താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയ്ക്കും കെഎല്‍ രാഹുലിനും കുരുക്ക് മുറുകുന്നു. പരാമര്‍ശം വിവാദമായതോടെ ഓസീസ് പര്യടനത്തില്‍ നിന്ന് ഇരുവരെയും മടക്കി വിളിക്കുകയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെ അടുത്തു വരുന്ന ഐപിഎല്‍-2019 സീസണില്‍ ഇരുവരുടെയും ഭാവി എന്താകുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
മാര്‍ച്ച് 23 ന് ആരംഭിക്കുന്ന ഐപിഎല്‍ 12-ാം സീസണില്‍ കെഎല്‍ രാഹുലിനെയും ഹാര്‍ദ്ദിക് പാണ്ഡ്യയേയും വിലക്കണമെന്നാണ് ആരാധകര്‍ മുറവിളി ഉയര്‍ത്തുന്നത്. ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിന്റെയും കെഎല്‍ രാഹുല്‍ കിങ്സ് ഇലവന് പഞ്ചാബിന്റേയും പ്രധാന താരങ്ങളാണ്.
സ്വകാര്യ ജീവിതത്തെക്കുറിച്ച് അതിരുകടന്ന പരാമര്‍ശം നടത്തിയ ഹാര്‍ദിക് പാണ്ഡ്യയ്ക്കെതിരെയാണ് കൂടുതല്‍ വിമര്‍ശനം ഉയരുന്നത്. പിന്നാലെ രാഹുലും ചില വെളിപ്പെടുത്തലുകള്‍ നടത്തുകയായിരുന്നു. ഇടക്കാല ഭരണസമിതിയുടെ അധ്യക്ഷനായ വിനോദ് റായിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സസ്പെന്‍ഡ് ചെയ്തത്. അന്വേഷണത്തിനു ശേഷം ഓസീസ് പര്യടനവും അത് കഴിഞ്ഞ് വരുന്ന ന്യൂസിലാന്‍ഡ് പര്യടനവും ഇരുവര്‍ക്കും നഷ്ടമാകുമോ എന്നാണ് ഉറ്റുനോക്കുന്നത്.




