തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ലീഡര്‍ കരുണാകരനെതിരെ വെളിപ്പെടുത്തലുമായി പ്രേംനസീറിന്റെ മകന് ഷാനവാസ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് താല്‍പ്പര്യമില്ലാതിരുന്നിട്ടും കോണ്‍ഗ്രസിന് വേണ്ടി നസീര്‍ പ്രചരണത്തിനിറങ്ങിയത് ഭീഷണിയുടെ ഫലമായാണെന്ന് ഷാനവാസ് വെളിപ്പെടുത്തി. അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ താല്‍പ്പര്യപ്രകാരം കരുണാകരനാണ് നീക്കങ്ങള്‍ നടത്തിയതെന്നും ഷാനവാസ് വെളിപ്പെടുത്തി.
ഇന്‍കം ടാക്സ് റെയ്ഡെന്ന ഭീഷണിയിലൂടെയാണ് കരുണാകരനും കോണ്‍ഗ്രസ് ദേശീയ നേതൃത്വവും പ്രേംനസീറിനെ വശത്താക്കിയതെന്ന് ഷാനവാസ് വെളിപ്പെടുത്തി. ടെലിവിഷന്‍ അഭിമുഖത്തിലായിരുന്നു ഷാനവാസിന്റെ വെളിപ്പെടുത്തല്‍. ഇന്ദിരാ ഗാന്ധി തന്നെ നേരിട്ട് വിളിച്ച് കോണ്‍ഗ്രസിന് വേണ്ടി ഇറങ്ങണമെന്ന് പറയുകയായിരുന്നു. നിര്‍ബന്ധമായും ഇറങ്ങണമെന്നാണ് ഇന്ദിരാ ഗാന്ധി ആവശ്യപ്പെട്ടത്. നിന്നുതന്നാല്‍ മതി ഫിനാന്‍സ് ഒക്കെ പാര്‍ട്ടി നോക്കിക്കോളാമെന്നും പറഞ്ഞു.
എന്നാല്‍ നസീറിന് താല്‍പ്പര്യമുണ്ടായിരുന്നില്ല. ഇതിന് പിന്നാലെ ഇന്‍കം ടാക്സ് റെയ്ഡ് വന്നു. കോണ്‍ഗ്രസ് നേതൃത്വം കളിച്ചതാണെന്നും അത്രയും വര്‍ഷം അഭിനയിച്ചിട്ടും ആദ്യമായാണ് ഇന്‍കം ടാക്സ് റെയ്ഡ് വന്നതെന്നും ഷാനവാസ് പറഞ്ഞു. എന്നാല്‍ റെയ്ഡിന് ശേഷവും കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. മത്സരിക്കില്ലെന്നും വേണമെങ്കില്‍ പ്രവര്ത്തിക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാടെന്നും ഷാനവാസ് വ്യക്തമാക്കി.






