ന്യൂഡല്‍ഹി: സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് തലവനായാണ് രാകേഷ് അസ്താനയെ മാറ്റിയത്. ജോയിന്റ് ഡയറക്ടര്‍ എ.കെ ശര്‍മ്മ, ഡി.ഐ.ജി മനീഷ് കുമാര്‍ സിന്‍ഹ, എസ്.പി ജയന്ത് ജെ. നായ്കാവരെ എന്നിവരെയും മാറ്റി.
നേരത്തെ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മയെ കേന്ദ്രസര്‍ക്കാര്‍ മാറ്റിയിരുന്നു. ഫയര്‍ സര്‍വീസ്, സിവില്‍ ഡിഫന്‍സ്, ഹോം ഗാര്‍ഡ്സ് തലവനായി നിയമിച്ചതിനെ തുടര്‍ന്ന് അലോക് വര്‍മ്മ രാജിവയ്ക്കുകയായിരുന്നു.
ഇറച്ചി വ്യവസായി മോയിന്‍ ഖുറേഷിക്കെതിരായ കേസില്‍ ഇരുവരും അഴിമതി നടത്തിയെന്ന കേസില്‍ രാകേഷ് അസ്താനയും അലോക് വര്‍മ്മയും ആരോപണവിധേയരായിരുന്നു. ഈ കേസിനെച്ചൊല്ലിയുള്ള തമ്മിലടിയെ തുടര്‍ന്ന് ഇരുവരോടും അവധിയില്‍ പ്രവേശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെങ്കിലും അലോക് വര്‍മ്മയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
അഴിമതിക്കേസില്‍ രാഷേക് അസ്താനയ്ശക്കതിരായ എഫ്.ഐ.ആര് നിലനില്‍ക്കുമെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എഫ്.ഐ.ആര് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാകേഷ് അസ്താന നല്കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. അസ്താനയ്ക്കെതിരായ അഴിമതിക്കേസില്‍ പത്ത് ആഴ്ചയ്ക്കുള്ളില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കണമെന്നും ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
അലോക് വര്‍മ്മയുടെ വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നാണ് അഴിമതിക്കേസില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതെന്ന ആരോപണം ഉന്നയിച്ചാണ് അസ്താന കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ വാദം കോടതി തള്ളി. ജസ്റ്റിസ് നജ്മി വാസിരിയാണ് വിധി പ്രസ്താവിച്ചത്.






