
പത്തനംതിട്ട: കനകദുർഗയും ബിന്ദുവും സുരക്ഷ ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജികൾ ഇന്ന് പരിഗണിക്കും. ശബരിമലയിൽ സന്ദര്‍ശനത്തിനു ശേഷം ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ഇരുവരും സുപ്രീം കോടതിയിൽ ഹർജി നൽകിയത് കഴിഞ്ഞ ദിവസമായിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക.
സുപ്രീംകോടതി വിധി അനുസരിച്ചാണ് ശബരിമലയിൽ സന്ദര്‍ശനം നടത്തിയത്. അതിന് ശേഷം കേരളത്തിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും ഇരുവരും ഹര്‍ജിയിൽ പറയുന്നു. ഭരണഘടനപരമായ അവകാശമാണ് നിറവേറ്റിയതെന്നും ഇരുവരും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. ശുദ്ധിക്രിയ നടത്തിയ ക്ഷേത്രം തന്ത്രിക്കെതിരെ കോടതിയ ലക്ഷ്യനടപടിയെടുക്കണമെന്നും യുവതികള്‍ ആവശ്യപ്പെട്ടു.
മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്സിങാണ് ഹര്‍ജി സമര്‍പ്പിച്ച കാര്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. വധഭീഷണി അടക്കം നിലനില്‍ക്കുന്നതിനാല്‍ മുഴുവന്‍സമയ സുരക്ഷ വേണം. സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും നിരന്തരം ഭീഷണികള്‍ വരുന്നതിനാല്‍ ഒളിച്ചുകഴിയേണ്ട അവസ്ഥയിലാണ്.
ജനുവരി രണ്ടിന് പുലര്‍ച്ചെ കനകദുര്‍ഗ്ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തിയത് വലിയ വിവാദം വിളിച്ചുവരുത്തിയിരുന്നു. വിഐപി ലോഞ്ച് വഴി സന്നിധാനത്ത് എത്തിയ യുവതികള്‍ ദര്‍ശനം നടത്തുന്നതിന്റെ വീഡിയോ പുറത്തുവിടുകയും സംഭവം വലിയ പ്രതിഷേധം വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് തന്ത്രി നടത്തിയ ശുദ്ധികലശത്തെുയും ഇരുവരും ചോദ്യം ചെയ്തിട്ടുണ്ട്. സിവില്‍ ക്രിമിനല്‍ കോടതിയലക്ഷ്യമാണ് തന്ത്രിയുടെ നടപടി. കോടതി വിധി ഇതുവരെയും നടപ്പാക്കിയില്ലെന്നതിന് തെളിവാണ് ശുദ്ധിക്രിയ. തന്ത്രിയുടെ നടപടി മൗലികാവകാശങ്ങളുടെ ലംഘനം ആണെന്നും അയിത്തത്തിനെതിരെയുളള ഭരണഘടനാ അവകാശത്തെയാണ് അത് ചോദ്യം ചെയ്തതെന്നും പറയുന്നു.
ദളിത് ആയ തന്നെ ശുദ്ദി ക്രിയയിലൂടെ തന്ത്രി അപകീര്‍ത്തിപ്പെടുത്തി എന്ന് ഹര്‍ജിയില്‍ ബിന്ദു ആരോപിച്ചിട്ടുണ്ട്. ശബരിമലയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ അല്ല സന്ദര്‍ശനം നടത്തിയത്. സ്ത്രീയെന്ന രീതിയില്‍ ഉള്ള പൗരാവകാശം ആണ് വിനിയോഗിച്ചത്. ജീവന് ഭീഷണിയുള്ളതിനാല്‍ ഒളിവില്‍ കഴിയേണ്ടി വന്നു. വീണ്ടും സമാധാനപരമായി ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.തന്ത്രിയുടെ നടപടി യുവതികളെ അവമതിക്കുന്നതായിരുന്നെന്നും ഇനിയും അത്തരം ഒരു സാഹചര്യം ഉണ്ടായാല്‍ ശുദ്ധിക്രിയ നടത്തരുതെന്ന് നിര്‍ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയില്‍ യുവതികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.






