
അഹമ്മദ്ബാദ്: അഴിമതിക്കെതിരെയുള്ള തന്റെ പോരാട്ടം ചിലരെ ഭ്രാന്ത് പിടിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന പ്രതിപക്ഷത്തിന്റെ വിശാല സഖ്യത്തെ പരിഹസിച്ചാണ് മോഡി ആഞ്ഞടിച്ചത്.
വിശാല സഖ്യം തനിക്കെതിരല്ല രാജ്യത്തെ ജനങ്ങള്‍ക്ക് എതിരെയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ഭാഗമായി ഗുജറാത്തിലെ സില്‍വസ്സയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുഖജനാവ് കൊള്ളയടിക്കുന്നത് തടഞ്ഞപ്പോള്‍ സ്വഭാവികമായും രോഷം ഉണ്ടായി. തോന്നിയവരെല്ലാം ഒരുമ്മിച്ചു കൂടിയതാണ് വിശാല സഖ്യമെന്ന് മോഡി തുറന്നടിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടക്കുന്ന മഹാറാലിയില്‍ പ്രതിപക്ഷത്തെ പ്രമുഖ ഇരുപതോളം നേതാക്കളാണ് പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച്്.ഡി കുമാരസ്വാമി, മറ്റ് പ്രമുഖ നേതാക്കളായ ഫറൂഖ് അബ്ദുള്ള ഒമര്‍ അബ്ദുള്ള, അഖിലേഷ് യാദവ് തുടങ്ങിയവരെല്ലാം റാലിയില്‍ അണിനിരന്നു.
അടുത്തു വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നേതൃത്വം നല്കുന്ന ബിജെപി സര്‍ക്കാരിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ ഒന്നിപ്പിക്കുന്നതിന്റെ ഭാഗമായാണ് റാലി. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി എന്നിവര്‍ റാലിയ്ക്ക് എത്തിയിട്ടില്ല. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഭിഷേക് മനു സിങ്വി തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്. സിപിഎം മനതൃത്വം നല്കുന്ന ഇടതുപാര്‍ട്ടികളുടെ നേതാക്കളും റാലിയില്‍ പങ്കെടുക്കുന്നില്ല. തൃണമുല്‍ കോണ്‍ഗ്രസിന്റെ ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരക്കുന്നുണ്ട്.





