തമിഴ്നാടിന് പുറമെ കേരളത്തിലും തരംഗമായി മാറിയിരിക്കുകയാണ് രജനികാന്തിന്റെ പേട്ട. മലയാളി താരമായ മണികണ്ഠന് ആചാരിയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം തലൈവരെ കണ്ടതിന്റെ അനുഭവം മണികണ്ഠന് ഒരു മാധ്യമവുമായി പങ്കുവച്ചിരുന്നു.
മണികണ്ഠന്റെ വാക്കുകള്‍ ഇങ്ങനെ, 'പൂജ മുതല്‍ പാക്കപ്പ് വരെ ഏതാണ്ട് നാല്‍പ്പതിലധികം ദിവസം പേട്ടയുടെ സെറ്റില്‍ ഞാനുണ്ടായിരുന്നു. പൂജയുടെ അന്നാണ് രജനി സാര്‍ വന്നത്. വെള്ള മുണ്ടും വെള്ള ഷര്‍ട്ടും അണിഞ്ഞ് വിഗ്ഗോ മേയ്ക്കപ്പോ ഒന്നുമില്ലാതെ സാധാരണക്കാരനെ പോലെയാണ് രജനി സാര്‍ സാര്‍ കടന്നു വന്നു. സെറ്റില്‍ എല്ലാവരും ഉള്ളപ്പോള്‍ തലൈവരെ കണ്ട് സംസാരിക്കാന്‍ ഒരു പേടിയോ മടിയോ ഒക്കെ ആയിരുന്നു. ഇടയ്ക്ക് ഒരു അവസരം വന്നപ്പോള്‍ ഞാന്‍ ഓടിച്ചെന്ന് അദ്ദേഹത്തോട് സംസാരിച്ചു.'
'കമ്മട്ടിപ്പാടത്തില്‍ അഭിനയിച്ചിട്ടുണ്ട്, സംസ്ഥാന അവാര്‍ഡൊക്കെ കിട്ടിയിട്ടുണ്ട് എന്നൊക്കെ പറഞ്ഞു. ആഹാ സ്റ്റേറ്റ് അവാര്‍ഡ് വിന്നറുടെ കൂടെയാണോ ഞാന്‍ അഭിനയിക്കുന്നത്? കൊള്ളാം, സൂപ്പര്‍ എന്നൊക്കെ പറഞ്ഞ് എന്റെ തോളില്‍ തട്ടി. സാറിന്റെയൊക്കെ മുന്നില്‍ ഞാനൊക്കെ എന്ത് എന്നു പറഞ്ഞപ്പോള്‍ കേരളത്തിലെ സ്റ്റേറ്റ് അവാര്‍ഡ് സാധാരണ വിഷയമല്ലെന്നൊക്കെ ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി.'






