
ന്യൂഡല്‍ഹി: മധ്യപ്രദേശ് മുന്‍ ഡിജിപി ഋഷികുമാര്‍ ശുക്ലയെ പുതിയ സിബിഐ ഡയറക്ടറായി നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡി അധ്യക്ഷനായ സമിതിയുടേതാണ് തീരുമാനം. 1983 ബാച്ച് ഓഫീസറാണ് ഋഷികുമാര്‍ ശുക്ല. സിബിഐയുടെ വിശ്വാസ്യത തിരിച്ചു പിടിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് രണ്ടു വര്‍ഷ കാലയളവില്‍ ശുക്ലയ്ക്ക് നിര്‍വഹിക്കേണ്ടത്.
പ്രധാനമന്ത്രിക്ക് പുറമെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരാണ് സമിതിയിലുള്ളത്. ഗുജറാത്തില്‍ നിന്നാരെയും വേണ്ടെന്ന് ഖാര്‍ഗെ നിലപാടെടുത്തു. 82 പേരുടെ പട്ടികയില്‍ നിന്ന് 33 പേരുടെ ചുരുക്കപ്പട്ടികയാണ് തയാറാക്കിയിരുന്നത്. സുപ്രീംകോടതി വിധിയിലുടെ തിരിച്ചെത്തിയ അലോക് വര്‍മ്മയെ ഒഴിവാക്കിയതോടെയാണ് സിബിഐ മേധാവി സ്ഥാനം ഒഴിവു വന്നത്. എം നഗേശ്വര്‍ റാവുവിനെ ഇടക്കാല ഡയറക്ടറായി നിയോഗിച്ച നടപടി കൂടുതല്‍ വിവാദങ്ങളില്‍പ്പെട്ടതോടെയാണ് സിബിഐ മേധാവിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. സിബിഐ മേധാവിയെ നിയമിക്കാത്തതില്‍ സുപ്രീംകോടതിയും അതൃഷ്തി പ്രകടിപ്പിച്ചിരുന്നു.
സങ്കീര്‍ണമായ നിരവധി കേസുകളുടെ അന്വേഷണം പുര്‍ത്തിയാക്കുക എന്നതും പുതിയ മേധാവിക്ക് വെല്ലുവിളിയാണ്. അഗസ്ത വെസ്റ്റ്ലാന്‍ഡ് അഴിമതി, 2ജി അഴിമതി, കല്‍ക്കരി അഴിമതി, കോണ്‍ഗ്രസ് നേതാക്കന്മാരായ പി.ചിദംബരം, ഭുപീന്ദര്‍ സിങ് ഹൂഡ എന്നിവര്‍ക്കെതിരെയുള്ള കേസുകള്‍ ഉള്‍പ്പെടെ സിബിഐ മേധാവിക്ക് മുന്നിലുള്ളത്.






