കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സി.ബി.ഐയും തൃണമുല്‍ സര്‍ക്കാരും തമ്മിലുള്ള പോര് തെരുവിലേക്ക്. കൊല്‍ക്കത്തയില്‍ ബി.ജെ.പി ഓഫീസ് അടിച്ചു തകര്‍ത്തു. ഭബാനിപൂരിലെ ഓഫീസാണ് അടിച്ചു തകര്‍ത്തത്. കൊല്‍ക്കത്ത പോലീസ് കമ്മീഷണറെ അറസ്റ്റ് ചെയ്യാന്‍ സി.ബി.ഐ എത്തിയതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി സമരം തുടങ്ങിയതിന് പിന്നാലെ സംസ്ഥാനത്ത് അക്രമം വ്യാപകമായിരുന്നു.
ബംഗാളില്‍ ഭരണഘടനാ പ്രതിസന്ധി രൂക്ഷമായിരിക്കെ ഗവര്‍ണര്‍ കേസരീനാഥ് ത്രിപാഠി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്കി. സംസ്ഥാന പോലീസ് മേധാവിയോടും ചീഫ് സെക്രട്ടറിയോടും ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. അതിനിടെ സി.ബി.ഐയ്ക്കെതിരെ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. സി.ബി.ഐയില്‍ നിന്ന് സംരക്ഷണം തേടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
തൃണമുല്‍ സര്‍ക്കാരിനെതിരെ സി.ബി.ഐയും കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് അന്വേഷിക്കുന്നതിന് മമതാ സര്‍ക്കാര്‍ തടസം നില്‍ക്കുന്നുവെന്ന് ആരോപിച്ച് സി.ബി.ഐ നല്കിയ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. ബംഗാളിലെ സാഹചര്യം പരിഗണിച്ച് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന സി.ബി.ഐയുടെ ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് തള്ളി.
അതിനിടെ കേന്ദ്രസര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് മമത ബാനര്‍ജി ആരംഭിച്ച സത്യഗ്രഹ സമരം ഈ മാസം എട്ട് വരെ തുടരും. ബംഗാളിനെ തകര്‍ക്കാനുള്ള രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നതെന്ന് മമതാ ബാനര്‍ജി ആരോപിച്ചു. തങ്ങള്‍ ഒരു ഏജന്‍സിക്കും എതിരല്ലെന്നും മോഡി സര്‍ക്കാരിന്റെ കടന്നുകയറ്റത്തിനെതിരെയാണ് സമരമെന്നും മമത ബാനര്‍ജി പറഞ്ഞു. മമതയ്ക്ക് പിന്തുണയുമായി പ്രധാന പ്രതിപക്ഷ കക്ഷികളും രംഗത്ത് വന്നിട്ടുണ്ട്.






