
പ്രകാശം: താഴ്ന്ന ജാതിയില്‍ പെട്ട സഹപാഠിയുമായി പ്രണയത്തിലാണെന്ന് ആരോപിച്ച് യുവതി മരിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. ദുരഭിമാന കൊലയെന്ന് സംശയം ഉയര്‍ന്നിരിക്കുന്ന കേസി വൈഷ്ണവി എന്ന 20 കാരിയാണ് കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശിലെ പ്രകാശത്തില്‍ നടന്ന സംഭവത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടിനുള്ളില്‍ മരിച്ചു കിടക്കുന്ന നിലയില്‍ വൈഷ്ണവിയെ അയല്‍ക്കാര്‍ കണ്ടെത്തി.
പിതാവ് വെങ്കാ റെഡ്ഡിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മകളുമായി വഴക്കുണ്ടാക്കിയ ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുക ആയിരുന്നെന്നാണ് വെങ്കാ റെഡ്ഡിക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണം. മകള്‍ കാമുകനായ അവര്‍ണ്ണ യുവാവുമായി ഒളിച്ചോടുമെന്ന് വെങ്കി ഭയപ്പെടുകയും കഴുത്തഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നെന്ന് പോലീസ് കരുതുന്നു. ദുരൂഹ മരണത്തിന് കേസ് എടുത്തിട്ടുണ്ട്. ഫോറന്‍സിക് പരിശോധനയില്‍ സംശയം ബലപ്പെടുകയാണെങ്കില്‍ കൊലപാതകമായി കേസ് മാറും. ദീര്‍ഘകാലമായി തന്റെ കൂടെ പഠിച്ച താഴ്ന്ന ജാതിയില്‍ പെട്ട യുവാവുമായി വൈഷ്ണവി പ്രണയത്തില്‍ ആയിരുന്നു.
യുവാവിനെ കാണുന്നതും സംസാരിക്കുന്നതും പിതാവ് വിലക്കുകയും ചെയ്തിരുന്നു. എന്നാല്‍ വൈഷ്ണവി പിതാവിന്റെ ആവശ്യം നിരസിക്കുകയും ബന്ധം തുടരുകയും ചെയ്തതോടെ കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ വീട്ടില്‍ വഴക്കുണ്ടാക്കിയിരുന്നു. എന്നാല്‍ വൈഷ്ണവി യുവാവുമായി വിവാഹം കഴിക്കുകയോ ഒളിച്ചോടാന്‍ തീരുമാനിക്കുകയോ ചെയ്തിരുന്നില്ലെന്നും പിതാവ് തന്റെ പ്രണയം അംഗീകരിക്കുന്നതിന് കാത്തിരിക്കുക ആയിരുന്നെന്നുമാണ് ഇരുവരുടെയും സഹപാഠികള്‍ വ്യക്തമാക്കിയത്.






