
കോട്ടയം: ശിവഗിരി തീര്‍ഥാടന ആത്മിക സര്‍ക്യൂട്ട് ഉദ്ഘാടനത്തിന് മുഖ്യമന്ത്രിക്കും ടൂറിസം മന്ത്രിക്കും നേരത്തെ തന്നെ കത്തു നല്കിയതായതിന് തെളിവ് പുറത്തുവിട്ട് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഇത് സംബന്ധിച്ച കത്തുകളുമാണ് കണ്ണന്താനം പുറത്തുവിട്ടത്.
നേരത്തെ കണ്ണന്താനം ഉദ്ഘാടന വിവരം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് കണ്ണന്താനം കത്തുകള്‍ പുറത്തുവിട്ടിരിക്കുന്നത്. 69.47 കോടി രൂപ ചെലവില്‍ കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ശനിയാഴ്ച വര്‍ക്കല ശിവഗിരിയില്‍ വച്ച് ഉദ്ഘാടനം നിര്‍വഹിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിണറായി വിജയന് അതൃപ്തി അറിയിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ല. മുഴുവന്‍ പണവും ചെലവഴിച്ച് കേന്ദ്ര ടൂറിസം വകുപ്പ് നേരിട്ട് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിന് സംസ്ഥന സര്‍ക്കാരിനെ ക്ഷണിക്കുകയോ ക്ഷണിക്കാതിരിക്കുകയോ ചെയ്യാം എന്നാല്‍, കേന്ദ്രടൂറിസം വകുപ്പുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടപ്പിലാക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും കേരളത്തിലെ ടൂറിസം മന്ത്രിയുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ മര്യാദ കാണിക്കുന്നില്ല. കണ്ണൂര്‍ വിമാനത്താവളത്തിന് എല്ലാ അനുമതിയും നേടിക്കൊടുത്തിട്ടും ഉദ്ഘാടനത്തിന് കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്രമന്ത്രിയായ തന്നെ ക്ഷണിച്ചില്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം കുറ്റപ്പെടുത്തി.






