
അത്യപൂര്‍വ്വമായി മാത്രം കാണുന്ന ട്യൂമറിന്റെ ചികിത്സയ്ക്ക് ശേഷമുള്ള ബോളിവുഡ് താരം ഇര്ഫാന് ഖാന് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി. ചികിത്സക്കായി എല്ലാ തിരക്കുകളും മാറ്റി ലണ്ടനില്‍ ചികിത്സയിലായിരുന്നു താരം.
വയറിനുള്ളില്‍ ന്യൂറോ എന്‍ഡോക്രൈന്‍ ക്യാന്‍സര്‍ എന്നറിയപ്പെടുന്ന അപൂര്‍വ്വരോഗമായിരുന്നു ഇര്‍ഫാനെ ബാധിച്ചിരുന്നത്. ഇപ്പോള്‍ അസുഖം പൂര്‍ണമായും മാറിയശേഷമാണ് തിരികെ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മുംബൈയില്‍ തിരിച്ചെത്തിയ താരം ഫെബ്രുവരി 22ന് പുതിയ ചിത്രമായ 'ഹിന്ദി മീഡിയം 2'വിന്റെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2017ല്‍ പുറത്തിറങ്ങിയ ഹിന്ദി മീഡിയത്തിന്റെ രണ്ടാം ഭാഗമാണിത്. ചിത്രത്തില്‍ അഭിനയിച്ചതിന് മികച്ച നടനുള്ള 19ാമത് ഐഫ പുരസ്കാരവും ഇര്ഫാന് നേടിയിരുന്നു. ഉയര്‍ന്ന നിലവാരമുള്ള സ്കൂളില്‍ അഡ്മിഷന് നേരിടുന്നതിന് വേണ്ടി ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ദുല്‍ഖര്‍ സല്‍മാന്റെ കാര്വാന് എന്ന ചിത്രത്തിന് ശേഷം കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഈ അപൂര്‍വ്വമായ രോഗം കണ്ടെത്തുന്നത്. തുടര്‍ന്ന് ആലോചനയില്‍ ഉണ്ടായിരുന്ന ചിത്രങ്ങള്‍ അടക്കം ഉപേക്ഷിച്ച് ചികിത്സക്കായി ലണ്ടനിലേക്ക് പോകുകയായിരുന്നു.






