
ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടില്‍ എന്‍.ഡി.എ സര്‍ക്കാരിന്റെ വാദത്തെ അംഗീകരിച്ച് സി.എ.ജി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതൃത്വം നല്കിയ യു.പി.എ സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ ധാരണയേക്കാള്‍ ലാഭത്തിലാണ് എന്‍.ഡി.എ സര്‍ക്കാര്‍ ഇടപാട് നടത്തിയിരിക്കുന്നത്. 2.86% കുറഞ്ഞവിലയ്ക്കാണ് ഇടപാട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ വിമാനങ്ങളുടെ അന്തിമ വില സി.എ.ജി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇടപാടിന്റെ കണക്കുകള്‍ പുറത്തുവിടാനാവില്ലെന്ന പ്രതിരോധ മന്ത്രാലയത്തിന്റെ നിലപാടിനെ തുടര്‍ന്നാണ് വിവാദപരവും നിര്‍ണായകവുമായ പല വിവരങ്ങളും സി.എ.ജി പുറത്തുവിടാത്തത്.
റിപ്പോര്‍ട്ട് ഇന്ന് രാജ്യസഭയില്‍ വച്ചു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റഫാലിനേക്കാള്‍ കുറഞ്ഞവില മറ്റ് കമ്പനികള്‍ വാഗ്ദാനം ചെയ്തില്ലെന്നും പുതിയ കരാര്‍ അനുസരിച്ച് വിമാനങ്ങള്‍ വേഗത്തില്‍ കിട്ടുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഫ്രാന്‍സില്‍ നിര്‍മ്മിച്ച് ലഭ്യമാക്കുന്ന വിമാനങ്ങളില്‍ വില വ്യത്യാസമില്ല. മുന്‍ സര്‍ക്കാരിന്റെ കാലത്തെ കരാറുമായി വലിയ അന്തരമുണ്ടെന്നും 36 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, റിപ്പോര്‍ട്ടിനെ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും തള്ളിക്കളഞ്ഞു. 2016ല്‍ റഫാല്‍ ഇടപാടിനുള്ള കരാറില്‍ ഒപ്പുവയ്ക്കുന്ന സമയത്ത് നകാര്യ സെക്രട്ടറിയായിരുന്ന രാജീവ് മെഹ്രിഷിയാണ് ഓഡിറ്റര്‍ എന്ന നിലയില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. ക്രമക്കേടുകളില്‍ പങ്കാളിത്തമുള്ള ആളാണ് രാജീവ് എന്നും അദ്ദേഹത്തിന്റെ നേരിട്ടോ അല്ലാതെയോ ഉള്ള പങ്കാളിത്തവും സമ്മതപ്രകാരവുമാണ് ഇടപാട് നടന്നിരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്നാണ് കോണ്‍ഗ്രസ് ആരോപണം.






