
ന്യൂഡല്‍ഹി: റിപ്പബ്ലിക് ചാനല്‍ ജീവനക്കാരുമായി വാക്കേറ്റമുണ്ടാക്കിയ സംഭവത്തില്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിലെ 14 വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കേസ്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. യുവമോര്‍ച്ച ജില്ലാ നേതാവ് മുകേഷ് ലോധിയുടെയും റിപ്പബ്ലിക് ടിവി കറസ്പോണ്ടന്റിന്റേയും പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ 'പാകിസ്താന് സിന്ദാബാദ്, ഭാരത് മൂര്‍ദ്ധാബാദ്' മുദ്രാവാക്യം വിളിച്ചുവെന്ന് യുവമോര്‍ച്ച നേതാവിന്റെ പരാതിയില്‍ പറയുന്നു. എ.എം..യു മുന്‍ വിദ്യാര്‍ത്ഥി നേതാവ് നദീം അന്‍സാരി എന്നിവര്‍ക്കെതിരെയാണ് കേസ്.
സ്വകാര്യ വ്യക്തികളുടെ പരാതിയിലാണ് രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തിരിക്കുന്നതെന്നും അന്വേഷണത്തില്‍ തെളിഞ്ഞില്ലെങ്കില്‍ കേസ് പിന്‍വലിക്കുമെന്നും അലിഗഡ് എസ്.എസ്.പി ആകാശ് കുല്‍ഹാരി പറഞ്ഞു.
അതേസമയം, കാമ്പസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന് കാണിച്ച് ബി.ജെ.പി നേതാവിനെതിരെയും ചാനല്‍ പ്രതിനിധികള്‍ക്കെതിരെയും വിദ്യാര്‍ത്ഥിയായ ഷര്‍ജീല്‍ ഉസ്മാനിയും പരാതി നല്‍കിയിട്ടുണ്ട്. പ്രകോപനമുണ്ടാക്കിയെന്നും സമാധാന അന്തരീക്ഷം തകര്‍ത്തുവെന്നുമാണ് പരാതി. കാമ്പസില്‍ കയറി ചിത്രീകരിക്കാന്‍ അനുമതി തേടിയിരുന്നോ എന്നന്വേഷിച്ചപ്പോള്‍ 'തങ്ങള്‍ ഭീകരരെ ഭയക്കുന്നില്ലെന്നാണ്' അവര്‍ മറുപടി നല്‍കിയതെന്നും ഉസ്മാനി പറയുന്നു.
എന്നാല്‍ കാമ്പസില്‍ ഹിന്ദു-മുസ്ലീം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം നടന്നിട്ടില്ലെന്നും മുസ്ലീം വിദ്യാര്‍ത്ഥികള്‍ ഹിന്ദുക്കളെ ആക്രമിക്കുകയാണെന്നും യുവമോര്‍ച്ച നേതാവ് പറയുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കഥകളാണ് മറിച്ചുള്ളവയെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
അതിനിടെ, കാമ്പസിലെ സംഘര്‍ഷവുമായി ബന്ധപെപട്ട് ഏതാനും വിദ്യാര്‍ത്ഥികളെ യൂണിവേഴ്സിറ്റി ബുധനാഴ്ച സസ്പെന്റു ചെയ്തു.






