കൊച്ചി: ഇമാം പീഡിപ്പിച്ച പെണ്‍കുട്ടിയെ കാണാന്‍ രക്ഷിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഹൈക്കോടതിയുടെ അനുമതി. മകളെ ചൈല്‍ഡ് ലൈന്‍ അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് കാണിച്ച് കുട്ടിയുടെ അമ്മ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതിയുടെ നടപടി. പെണ്‍കുട്ടിയെ കാണാന്‍ മാതാപിതാക്കളെ കൂടാതെ മുത്തച്ഛന്, മുത്തശി, സഹോദരങ്ങള്‍ എന്നിവര്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.
കുട്ടിയെ അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും അത് കുട്ടിയെ മാനസികമായി തളര്‍ത്തുന്നു എന്നുമാരോപിച്ചാണ് അമ്മ കോടതിയെ സമീപിച്ചത്. കുട്ടി പത്താം €ാസില് പഠിക്കുകയാണ്. പരീക്ഷ അടുത്തുവരുന്നു. പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ പോലും ഈ മാനസികാവസ്ഥയില്‍ കഴിയുന്നില്ലെന്നും മാതാവ് നല്കിയ ഹര്‍ജിയില്‍ ആരോപിച്ചു. മാധ്യമശ്രദ്ധ ലഭിച്ച കേസായതിനാല്‍ കുട്ടിയെ മാനസികമായി ഇത് ബാധിച്ചു. കോടതി ഇടപെട്ട് കുട്ടിയെ ഇവരുടെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ച് കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് സഹയാത്രികനും ഇമാംസ് കൗണ്‍സിലിന്റെ സംസ്ഥാന സമിതി മുന്‍ അംഗവും മതപ്രഭാഷകനുമായ ഷഫീഖ് അല്‍ ഖാസിമിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് പള്ളിയിലെ ഇമാമായിരുന്നു. പീഡന വാര്‍ത്ത പുറത്തുവന്നതോടെ ഇയാളെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു.






