
ശ്രീനഗര്‍: കാതടപ്പിക്കുന്ന സ്ഫോടനങ്ങളുടെയും തുടര്‍ച്ചയായി കേള്‍ക്കുന്ന വെടിയുടേയും ശബ്ദങ്ങള്‍, മൂളിപ്പറക്കുന്ന യുദ്ധവിമാനങ്ങളുടെ ഇരമ്പലുകള്‍. പുല്‍വാമാ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വഷളായി മാറിയിരിക്കുന്ന ഇന്ത്യാ - പാക് ബന്ധത്തില്‍ യുദ്ധം ഉണ്ടായാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് നിയന്ത്രണരേഖയ്ക്ക് തൊട്ടടുത്തുള്ള ഗ്രാമങ്ങളിലെ ആള്ക്കാര് ഇപ്പോള്‍ ചിന്തിച്ചു കൊണ്ടിരിക്കുന്നത്.
വാഹനങ്ങളിൽ പെട്രോൾ നിറച്ച് വെയ്ക്കുക, മരുന്ന്, കുട്ടികൾക്കുള്ള ഭക്ഷണം, അല്‍പ്പം പണം തുടങ്ങി അത്യാവശ്യ സാധനങ്ങൾ കരുതുക. സംഘര്‍ഷ വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്നതോടെ വീടുകളോടുചേർന്ന് പത്തടി ആഴത്തിൽ ഒരു ബങ്കർ നിർമിക്കാനും അതിൽ പത്തു ദിവസത്തേക്ക് ഭക്ഷണസാധനങ്ങളും കുടിവെള്ളവും പിന്നെ വാര്‍ത്ത അറിയാന്‍ റേഡിയോയും കരുതാനും ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.
ആധികാരികമല്ലെങ്കിലും ജനങ്ങൾ അതിനെ ജാഗ്രതയോടെ കാണുന്നു. യുദ്ധം ആസന്നമായിരിക്കുന്നത് പോലെയുള്ള സാഹചര്യത്തിലാണ് അതിര്‍ത്തി. കടകളും സ്കൂളുകളും അടച്ചിട്ടിരിക്കുന്നു. പുറത്തിറങ്ങാതെ ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയുന്നു. ബുധനാഴ്ച രാവിലെ പാകിസ്താന്റെ എഫ്-16 വിമാനം ഇന്ത്യ വെടിവെച്ചിട്ടെന്ന വിവരം വന്നതോടെ പൂഞ്ഛിലെ കടകൾ മുഴുവനും അടച്ചു. എല്ലാവരും വീടുകളിലേക്ക് പിൻവാങ്ങി.
പള്ളികളിലൂടെയും ഗുരുദ്വാരകളിലൂടെയും ക്ഷേത്രങ്ങളിലൂടെയും അറിയിപ്പുകൾ മുഴങ്ങി. എല്ലാവരും ഇപ്പോൾ ഇവിടങ്ങളിൽ ഒരു യുദ്ധത്തെ പ്രതീക്ഷിക്കുകയാണ്. പുൽവാമ ആക്രമണത്തോടെ വിലക്കിയിരുന്ന സാമൂഹികമാധ്യമങ്ങൾ വീണ്ടും തുറക്കുമ്പോള്‍ ഇന്ത്യയുടെ തിരിച്ചടിയാണ് എല്ലായിടത്തും വിഷയം. സൈന്യത്തിന് അഭിവാദ്യമർപ്പിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് മിക്കതും.
ചൊവ്വാഴ്ച മുതല്‍ പാകിസ്താന് ഷെല്‍ ആക്രമണം തുടങ്ങിയതോടെ നിയന്ത്രണ രേഖയിലെ ഗ്രാമങ്ങള്‍ ഭീതിയിലാണ്. വെടിയൊച്ചകള്‍ നിത്യജീവിതത്തിന്റെ ഭാഗമായി കരുതുന്നെങ്കിലും നിയന്ത്രണരേഖയിലെ 744 കിലോമീറ്റര്‍ നീളത്തിലും അന്താരാഷ്ട്ര അതിര്‍ത്തിയിലെ 198 കിലോമീറ്റര്‍ നീളത്തിലും കിടക്കുന്ന ഗ്രാമങ്ങളില്‍ കഴിയുന്നവരെ ഭീതി ഗ്രസിച്ചു തുടങ്ങിയിട്ടുണ്ട്. ജമ്മു മേഖലയിലെ ജമ്മു, രജൗരി, പൂഞ്ച് ജില്ലകളിലും കശ്മീര്‍ താഴ്വാരത്തെ ബാരാമുള്ള ജില്ലയിലും പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ച് രാത്രി വൈകിയും ഷെല്ലാക്രമണം തുടര്‍ന്നിരുന്നു.
എപ്പോഴും ഗ്രാമീണരെകൊണ്ടു നിറയാറുള്ള ചെറിയ കടകള്‍ വരുന്ന നഗരം ബുധനാഴ്ച അടഞ്ഞു കിടന്നു. വെടിനിര്‍ത്തല്‍ ലംഘനം സംഭവിക്കാന്‍ തുടങ്ങിയതോടെ ഗ്രാമീണരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നുള്ള അഞ്ചു കിലോമീറ്റര്‍ മാത്രം അകലെയുള്ള സാംബ, ജമ്മു, രജൗരി, പൂഞ്ച് മേഖലകളിലെ എല്ലാ സര്‍ക്കാര്‍ സ്വകാര്യ സ്കൂളുകളും അടഞ്ഞുകിടക്കുകയാണ്.
പുലര്‍ച്ചെ മൂന്ന് മണി മുതല്‍ കേട്ടു തുടങ്ങുന്ന ഷെല്ലാക്രമണത്തിന്റെ ശബ്ദം ഉയരുമ്പോള്‍ മുതല്‍ ഭീതി ഉയരുമെന്ന് നാട്ടുകാര്‍ പറയുന്നു. നിയന്ത്രണ രേഖയിലെ 15 ല്‍ 12 ഇടങ്ങളിലും പാകിസ്താന് ഷെല്ലാക്രമണം നടത്തി. ജമ്മു ജില്ലയിലെ അഖ്നൂര്‍, പല്ലന്‍വാല, രജൗരിയിലെ നൗഷേര, ലാം, ഝാംഗര്‍, പൂഞ്ചിലെ മാന്കോട്ടേ, മെന്ഥാര്, കെ ജി മേഖല, ഖരി കര്‍മാരാ, ബലാക്കോട്ടേ, പൂഞ്ച് എന്നിവിടങ്ങളാണ് പാകിസ്താന് ലക്ഷ്യമിടുന്നത്.






