
ലക്നൗ: ഉത്തര്‍പ്രദേശ് തലസ്ഥാന നഗരിയായ ലക്നൗവില്‍ പഴക്കച്ചവടക്കാരായ രണ്ടു കശ്മീരി യുവാക്കള്‍ക്കു നേരെ ക്രൂരമര്‍ദ്ദനം. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ദാരുണ സംഭവം. പുല്‍വാമ ചാവേറാക്രമണത്തിനു പിന്നാലെ കശ്മീരികള്‍ക്ക് നേരെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ലക്നൗവിലും അക്രമണം നടന്നത്. യുവാക്കളെ മര്‍ദ്ദിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ സംഭവത്തില്‍ നാലു പേരെ അറസ്റ്റു ചെയ്തു. മൊഹമ്മദ് അഫ്സല് നായിക്, അബ്ദുള്‍ സലാം എന്നിവര്‍ക്കു നേരെയാണ് അക്രമമുണ്ടായത്.
പഴക്കച്ചവടത്തിനായി റോഡരികില്‍ ഇരുവരും ഇരിക്കുന്നതിനിടെയാണ് അക്രമത്തിനിരയായത്.ഉപദ്രവിക്കരുതെന്ന് പറഞ്ഞ് യുവാക്കള്‍ കേഴുന്നത് വീഡിയോയില്‍ കാണാം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വീഡിയോകളാണ് പ്രചരിക്കുന്നത്. മറ്റൊരു വീഡിയോയില്‍ ഐഡന്റിറ്റി കാര്‍ഡ് ആവശ്യപ്പെടുന്നതും കാണാം. ഇരുവരെയും ചില പ്രദേശവാസികളാണ് സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെടുത്തിയത്. പിന്നീട് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
തീവ്രവാദികളെന്ന് വിളിച്ച് ആക്ഷേപിച്ചാണ് ഇരുവരെയും മര്‍ദ്ദനത്തിനിരയായത്. 20 വര്‍ഷമായി ഇവിടെ കച്ചവടം നടത്തുകയാണ്. ഇതുവരെ ഇത്തരത്തില്‍ മഅക്രമം നേരിടേണ്ടി വന്നിട്ടില്ലെന്ന് അക്രമത്തിനിരയായവര്‍ പറഞ്ഞു. തങ്ങള്‍ തീവ്രവാദികളാണെന്നാണ് അവര്‍ പറഞ്ഞത്. ഇവിടെ സാധനം വില്‍പ്പന നടത്തിയിട്ട് കശ്മീരില്‍ ചെന്ന് കല്ലെറിയുകയാണെന്ന് ആക്ഷേപിച്ചുകൊണ്ട് മര്‍ദ്ദിക്കാന്‍ തുടങ്ങി. പിന്നാലെ തങ്ങളുടെ ആധാര്‍ കാര്‍ഡുകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടു. ആധാര്‍ കാണിച്ചിട്ടും മര്‍ദ്ദനം തുടര്‍ന്നുവെന്ന് ഇവര്‍ പറയുന്നു.
പുല്‍വാമ ഭീകരാക്രമണത്തില്‍ കശ്മീരിയായ 19 കാരനാണ് ചാവേറായത്. ഇതേ തുടര്‍ന്നാണ് രാജ്യത്തുടനീളം കശ്മീരികള്‍ക്ക് നേരെ അക്രമപരമ്പര നടന്നത്. ലക്നൗവില്‍ നടന്ന ആക്രമണത്തില്‍ പിടിയിലായ നാലു പേരും വിശ്വ ഹിന്ദു ദള്‍ സംഘടനയില്‍ പെട്ടവരാണെന്ന് പോലീസ് വ്യക്തമാക്കി.






