
മധുര: മതവിശ്വാസത്തിന്റെ പ്രതീകമായിരുന്ന മീശയും താടിയും വെട്ടിയൊതുക്കി പതിവായി അണിഞ്ഞിരുന്ന തൊപ്പി ഉപേക്ഷിച്ച് ആളറിയാത്ത വിധം സുന്ദരനായി മറ്റൊരിടത്ത് മൂന്നാഴ്ച ഒളിവില്‍ കഴിഞ്ഞ ഇമാമിനെ ചതിച്ചത് സഹോദരന് തന്നെ. തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമിയെ പോലീസ് പൊക്കിയത് തമിഴ്നാട്ടിലെ മധുരയിലെ ഒരു ലോഡ്ജ് മുറിയില്‍ നിന്നും. സംഭവം പുറത്തായതിന് പിന്നാലെ സിനിമാ സ്റ്റൈലില്‍ പല വിധ വേഷത്തില്‍ 16 ഇടങ്ങളിലാണ് ഇയാള്‍ മാറിമാറി താമസിച്ചത്.
ഇമാമിന് ഒളിയിടങ്ങള്‍ ഒരുക്കിയിരുന്ന സഹോദരന് നൗഷാദില്‍ നിന്നുമാണ് ഖാസിമി തമിഴ്നാട്ടില്‍ ഉണ്ടെന്ന സൂചന പോലീസിന് കിട്ടിയത്. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു ഇമാം കുടുങ്ങിയത്. ഇവര്‍ ഉപയോഗിച്ചിരുന്ന വാഹനം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രഹസ്യവിവരത്തെതുടര്‍ന്നാണ് ഷാഡോ പോലീസ് മധുരയില്‍നിന്ന് ഇമാമിനെ പിടികൂടിയത്.
പേപ്പാറ വനത്തിനോടു ചേര്‍ന്ന റബര്‍ തോട്ടത്തില്‍ ഇമാമിനെയും 14 വയസുളള സ്കൂള്‍ വിദ്യാര്‍ഥിനിയെയും ദുരൂഹസാഹചര്യത്തില്‍ തൊഴിലുറപ്പു സ്ത്രീകള്‍ കണ്ടതാണ് കേസിനാസ്പദമായത്. പെണ്‍കുട്ടിയെ ഇമാം പീഡിപ്പിച്ചതായി പോലീസിനു തെളിവ് ലഭിച്ചിട്ടും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്കാന് തയാറായില്ല. ഇതേതുടര്‍ന്ന് തൊളിക്കോട് ജമാഅത്ത് പ്രസിഡന്റിന്റെ പരാതിയിലാണ് വിതുര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രമുഖ മതപ്രഭാഷകനും തൊളിക്കോട് പള്ളിയിലെ ഇമാമുമായിരുന്ന ഷഫീഖ് ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗവുമായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ തന്നെയാണ് കൊണ്ടുവന്നതെന്ന് വ്യക്തമായതോടെ പള്ളിക്കമ്മറ്റി ഇമാം സ്ഥാനത്ത് നിന്നും ഇയാളെ മാറ്റി.
സംഭവത്തിനുശേഷംചൈല്ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയില്കഴിഞ്ഞിരുന്ന പെണ്‍കുട്ടിക്ക് പലതവണ കൗണ്‍സിലിങ് നല്‍കിയതായി അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ പീഡിപ്പിച്ച ഇമാമിനെ സംരക്ഷിക്കാനായിരുന്നു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പ്രവര്‍ത്തിച്ചതെന്ന ആരോപണമുണ്ടായി. പെണ്‍കുട്ടിയെ വൈദ്യപരിശോധന നടത്താനോ വെല്‍ഫെയര്‍ കമ്മിറ്റി മുതിര്‍ന്നില്ല.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി വനിതാസെല്‍ സി.ഐ: സിസിലികുമാരിയെ നിയോഗിച്ചു. ബേക്കറി ജങ്ഷനിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഓഫീസില്‍വച്ച് മൊഴി രേഖപ്പെടുത്തുമ്പോഴാണ് സി.ഐക്കു മുന്നില്‍ പെണ്‍കുട്ടി പീഡിനവിവരം പറഞ്ഞത് തുടര്‍ന്ന് സി.ഐ: സിസിലി കുമാരി റിപ്പോര്‍ട്ട് എസ്.പി: അശോക് കുമാറിനു നല്കി.
ഇതേതുടര്‍ന്നാണ് വിതുര പോലീസിനോട് കേസെടുക്കാന്‍ എസ്.പി നിര്‍ദേശം നല്‍കിയത്. സംഭവശേഷം ഒളിവില്‍ പോയ ഇമാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം ആരംഭിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇമാമിനെ പിടിക്കാന്‍ പോലീസ് താല്പര്യം കാണിച്ചില്ലെന്ന ആക്ഷേപം ശക്തമായി. ഇന്നലെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 12 ലേക്കു മാറ്റി.






