
ജര്‍മന്‍ വാഹനനിര്‍മാതാക്കളായ ഫോക്സ്വാഗണ് 500 കോടി രൂപ പിഴ. ഫോക്സ്വാഗണിന്റെ ഇന്ത്യയിലെ ഡീസല്‍ കാറുകളില്‍ പരിസ്ഥിതി മലിനീകരണം കുറച്ചുകാണിക്കുന്നതിനായി കൃത്രിമം കാണിച്ചതിന്് ദേശീയ ഹരിത ട്രിബ്യൂണലാണ് പിഴ വിധിച്ചത്. രണ്ടുമാസത്തിനുള്ളില്‍ പിഴയടയ്ക്കണമെന്ന് ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടിരിക്കുന്നത്.
ഇന്ത്യയിലെ കാറുകളില്‍ ഉപകരണം ഘടിപ്പിച്ചതു വഴി പരിസ്ഥിതി മലിനീകരണമുണ്ടായെന്നു പറഞ്ഞ ട്രിബ്യൂണല്‍, 2018 നവംബര്‍ 16-ന് 100 കോടി രൂപ കേന്ദ്ര മലിനീകരണ നിയന്ത്രണബോര്‍ഡില്‍ കെട്ടിവെക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കുന്നതിന് നാലംഗ വിദഗ്ധസംഘത്തെ ട്രിബ്യൂണല്‍ നിയോഗിച്ചിരുന്നു. എന്നാല്‍, ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഫോക്സ്വാഗണ്.
ഇന്ത്യയില്‍ ഭാരത് സ്റ്റേജ് IV ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്നാണ് കമ്പനിയുടെ നിലപാട്. ദേശീയ ഹരിത ട്രിബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ച ശേഷം സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന് ഫോക്സ്വാഗണ് ഇന്ത്യ പ്രതികരിച്ചു.






