
നല്ല സിനിമയ്ക്ക് വേണ്ടി എന്ത് ത്യാഗവും ചെയ്യുന്നവരാണ് അതിന്റെ അണിയറ പ്രവര്‍ത്തകര്‍. സിനിമയുടെ വിജയത്തിന് ശേഷം ഇക്കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുകയും പങ്കുവെയ്ക്കുകയും സിനിമ മേഖലയിലുള്ളവര്‍ ചെയ്യാറുണ്ട്. അത്തരത്തിലുള്ള ഒരു ഓര്‍മ്മയുടെ ചിത്രമാണ് ഛായാഗ്രാഹകന്‍ സന്തോഷ് ശിവന് കഴിഞ്ഞ ദിവസം ആരാധകര്‍ക്കായി പങ്കുവെച്ചത്.
നായകനും ഛായാഗ്രാഹകനും സംഘവും, കൂട്ടത്തില്‍ ഒരു ക്യാമറയും, അരയ്ക്കു മുകളില്‍ വെള്ളത്തില്‍ നില്ക്കുന്ന ഒരു ചിത്രമാണ് സന്തോഷ് ശിവന് പങ്കുവെച്ചത്. മോഹന്‍ലാല്‍ നായകനായ കാലാപാനി എന്ന ചിത്രത്തിലേതായിരുന്നു ഇത്. കാലാപാനിയുടെ ചിത്രീകരണ വേളയിലെ മറക്കാനാവാത്ത നിമിഷമാണിത്. ബ്രിട്ടീഷ് രാജകാലത്ത് തടവിലാക്കപ്പെട്ട ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥ പറഞ്ഞ ചിത്രമാണ് പ്രിയദര്ശന് സംവിധാനം ചെയ്ത കാലാപാനി.
സന്തോഷ് ശിവനെ തേടി മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരവും ഇതിന് ലഭിച്ചു. സംസ്ഥാന അവാര്‍ഡില്‍ മോഹന്‍ലാല്‍ മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ മികച്ച കലാസംവിധാനത്തിന് സാബു സിറിലും, ഓഡിയോഗ്രാഫിക്ക് ദീപന് ചാറ്റര്‍ജിയും, മികച്ച സ്പെഷ്യല്‍ എഫക്ട്സിന് എസ്.ടി. വെങ്കിയും ദേശീയ അവാര്‍ഡുകള്‍ നേടി.






