ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഏഴ് സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ്. എസ്.പി-ബി.എസ്.പി-ആര്.എല്‍.ഡി സഖ്യത്തിന് വേണ്ടിയാണ് കോണ്‍ഗ്രസ് ഏഴ് സീറ്റുകള്‍ ഒഴിച്ചിട്ടിരിക്കുന്നത്. യു.പി.സി.സി അധ്യക്ഷന്‍ രാജ് ബബ്ബറാണ് ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസ് യു.പിയില്‍ മായാവതി-അഖിലേഷ് സഖ്യത്തിന്റെ ഭാഗമായില്ലെങ്കിലും സോണിയ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും സീറ്റുകളില്‍ സഖ്യം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ഒഴിച്ചിട്ടിരുന്നു.
ഇതിന് പ്രത്യുപരകാരമെന്നോണമാണ് ഏഴ് സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തത്. മെയ്ന്‍പുരി, കനൗജ്, ഫിറോസാബാദ് സീറ്റുകളിലും ബി.എസ്.പി അധ്യക്ഷ മായാവതിയും ആര്.എല്‍.ഡി നേതാക്കളായ അജിത് സിംഗ്, ജയന്ത് ചൗധരി എന്നിവര്‍ മത്സരിക്കുന്ന സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. അപ്നാ ദളിനായി ഗോണ്ട, ഫിലിഭിത്ത് സീറ്റുകളും ഒഴിച്ചിട്ടിരിക്കുകയാണ്.
ഏപ്രില്‍ 11ന് ആരംഭിച്ച് മെയ് 19ന് അവസാനിക്കുന്ന ഏഴ് ഘട്ടങ്ങളിലും യു.പിയില്‍ വോട്ടെടുപ്പ് നടക്കും. 80 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് നടത്തുന്നത്.





