ന്യൂഡല്‍ഹി: ബീഹാറില്‍ മഹാസഖ്യത്തില്‍ സീറ്റ് ധാരണയായി. ബീഹാറിലെ 40 സീറ്റുകളില്‍ 20 സീറ്റുകളില്‍ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ മത്സരിക്കും. കോണ്‍ഗ്രസ് 9 സീറ്റുകളില്‍ മത്സരിക്കും. ആര്.എസ്.എല്‍.പി അഞ്ച് സീറ്റുകളിലും ജിതന്‍ റാം മാഞ്ചിയുടെ പാര്‍ട്ടി മൂന്ന് സീറ്റിലും മത്സരിക്കും. വികഷീല്‍ ഇന്‍സാഫ് പാര്‍ട്ടിക്ക് മൂന്ന് സീറ്റും സി.പി.ഐയ്ക്ക് ഒരു സീറ്റും നല്കി. ആര്.ജെ.ഡിയുടെ സീറ്റുകളില്‍ നിന്നുമാണ് വികഷീല്‍ ഇന്‍സാഫ് പാര്‍ട്ടിയ്ക്കും സി.പി.ഐയ്ക്കും സീറ്റ് നല്‍കിയത്.
ശരദ് യാദവ് ആര്.ജെ.ഡി ചിഹ്നത്തില്‍ മത്സരിക്കും. തിരഞ്ഞെടുപ്പിന് ശേഷം ശരദ് യാദവിന്റെ ലോക്താന്ത്രിക് ജനതാദള്‍ ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടിയുമായി ലയിക്കാനും തീരുമാനിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ഒഴിവു വരുന്ന ആദ്യ ലോക്സഭാ സീറ്റ് കോണ്‍ഗ്രസിന് നല്‍കും. കോണ്‍ഗ്രസ് 11 സീറ്റുകളാണ് ചോദിച്ചത്. എന്നാല്‍ 9 ലോക്സഭാ സീറ്റും സംസ്ഥാനത്ത് ആദ്യം ഒഴിവുവരുന്ന രാജ്യസഭാ സീറ്റും നല്‍കാമെന്ന് ആര്.ജെ.ഡി വ്യക്തമാക്കി.
11 സീറ്റുകളെച്ചൊല്ലിയുള്ള ചര്‍ച്ചകളെ തുടര്‍ന്നാണ് മഹാസഖ്യത്തിന്റെ സീറ്റ് ധാരണ വൈകിയത്. എന്‍.ഡി.എ സഖ്യം നേരത്തെ സീറ്റ് ധാരണ പ്രഖ്യാപിച്ചിരുന്നു. എന്‍.ഡി.എയില്‍ ജനതാദള്‍ യുനൈറ്റഡും ബി.ജെ.പിയും 17 സീറ്റുകളില്‍ വീതം മത്സരിക്കും. ലോക്ജനശക്തി പാര്‍ട്ടിക്ക് ആറ് സീറ്റും നല്‍കിയിട്ടുണ്ട്.






