ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണാന്‍ ഒഡീഷയില്‍ നിന്ന് രാജ്യതലസ്ഥാനം വരെ നടന്ന് ശ്രദ്ധേയനായ യുവാവ് മുക്തികാന്ത ബിസ്വാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. മുക്തികാന്ത ബിസ്വാലിനിയൊണ് ഒഡീഷ നിയമസഭയിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആക്കിയിരിക്കുന്നത്. റൂര്‍ക്കലയിലെ ഇസ്പത് ജനറല്‍ ആശുപത്രി മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയാക്കി ഉയര്‍ത്തുമെന്നത് ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ ലംഘിച്ചതില്‍ പ്രതിഷേധിച്ചാണ് മോഡിയെ കാണാന്‍ ബിസ്വാല്‍ ഡല്‍ഹിയിലേക്ക് പോയത്.
71 ദിവസം കൊണ്ട് 1500 കിലോമീറ്ററോളം നടന്ന് ഡല്‍ഹിയിലേക്ക് പോകാനാണ് ബിസ്വാല്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ദേശീയ തലസ്ഥാനത്ത് എത്തുന്നതിന് മുമ്പ് ബിസ്വാല്‍ തളര്‍ന്നു വീണു. ആഗ്രയില്‍ എത്തിയപ്പോഴാണ് ബിസ്വാല്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന് അവിടെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ യാത്രയിലൂടെ ശ്രദ്ധേയനായ ബിസ്വാലിനെ റൂര്‍ക്കല നിയമസഭാ മണ്ഡലത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആക്കിയിരിക്കുന്നത്.
ജയിലിലായ മാവോയിസ്റ്റ് നേതാവ് സബ്യസാച്ചി പാണ്ഡയുടെ ഭാര്യ ശുഭശ്രീ പാണ്ഡയും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്. റാണ്‍പൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് ശുഭശ്രീ. മുന്‍ മാവോയിസ്റ്റ് നേതാവ് ദണ്ഡപാണി മൊഹന്തിയുടെ മകന് സംഗ്റാം മൊഹന്തിയും കോണ്‍ഗ്രസ പട്ടികയിലുണ്ട്. പി.സി.സി മുന്‍ അധ്യക്ഷന്‍ പ്രസാദ് ഹരിചന്ദനും ഭാര്യാ പിതാവ് സുരേഷ് റൗട്രിയും പട്ടികയിലുണ്ട്.






