
ഉപേക്ഷിക്കപ്പെടുന്ന അമ്മമാരെപ്പറ്റി ഹ്രസ്വചിത്രം നിര്‍മ്മിക്കാനൊരുങ്ങി കേരള പോലീസ്. തൃശ്ശൂര്‍ പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. 'നല്ലമ്മ' എന്നാണ് ചിത്രത്തിന്റെ പേര്. അമ്മമാരെ വഴിയരികില്‍ ഉപേക്ഷിച്ചാല്‍ കേസെടുക്കും എന്ന് കൂടിയുള്ള മുന്നറിയിപ്പാണ് ചിത്രം.
ഹ്രസ്വചിത്രം സംവിധാനം ചെയ്യുന്നത് കൊടുങ്ങല്ലൂര്‍ തീരദേശ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സാന്റോ തട്ടിലാണ്. നല്ലമ്മയുടെ മകനായി വേഷമിടുന്നതും അദ്ദേഹമാണ്. തൃശ്ശൂര്‍ ആകാശവാണിയില്‍ നിന്നും അനൗണ്‍സറായി വിരമിച്ച നടിയും ഡബ്ബിംഗ് കലാകാരിയുമായി എം തങ്കമണിയാണ് നല്ലമ്മയായി വേഷമിടുന്നത്.
ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ഉപേക്ഷിക്കപ്പെട്ട അമ്മയെ മകനോടൊപ്പം പോലീസ് തിരിച്ചയക്കുന്നതാണ് കഥ. സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മം ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് ടെമ്പിള്‍ സി.ഐ പ്രേമാനന്ദകൃഷ്ണന് നിര്‍വഹിച്ചു. സിവില്‍ പോലീസ് ഓഫീസര്‍മാരായ അപര്‍ണ ലവകുമാര്, ജയന്, ബോസ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.






