
തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരായ വിവാദ പരാമര്‍ശത്തില്‍ സിപിഎം സെക്രട്ടറിയേറ്റില്‍ എം.വിജയരാഘവന് വിമര്‍ശനം. തിരഞ്ഞെടുപ്പു കാലത്ത് ഇടതുമുന്നണി കണ്‍വീനര്‍ കൂടിയായ വിജയരാഘവന് ജാഗ്രതക്കുറവുണ്ടായെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വിജയരാഘവനെതിരെ പരസ്യമായ വിമര്‍ശനമോ, അഭിപ്രായപ്രകടനമോ വേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം.
പൊന്നാനിയില്‍ പി.വി. അന്‍വറിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലാണ് എം. വിജയരാഘവന് വിവാദ പരാമര്‍ശം നടത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്ന സംഭവം. പിന്നാലെ രമ്യയ്ക്കെതിരെ സമാന പരാമര്‍ശം നടത്തിയ എം.വിജയരാഘവന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തില്‍ രമ്യ ഹരിദാസ് ആലത്തൂര്‍ ഡിവൈഎസ്പി ഓഫീസിലെത്തിയാണ് പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചു, വ്യക്തിപരമായി അധിക്ഷേപിച്ചു തുടങ്ങിയ കാര്യങ്ങള്‍ ചുണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. തിരൂര്‍ ഡിവൈഎസ്പിയാണ് അന്വേഷണം നടത്തുന്നത്.
സംഭവം വിവാദമായതോടെ രമ്യ ഹരിദാസിനെതിരായ പരാമര്‍ശം ദുരുദ്ദേശത്തോടെ ആയിരുന്നില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന് പ്രതികരിച്ചിരുന്നു.അതില്‍ രമ്യയ്ക്ക് വേദനിച്ചുവെങ്കില്‍ അതില്‍ ഖേദിക്കുന്നുവെന്നും വിജയരാഘവന് പറഞ്ഞു. കോണ്‍ഗ്രസും ലീഗും തോല്‍ക്കുമെന്നാണ് താന്‍ ഉദ്ദേശിച്ചത്. എന്നാല്‍, രാഷ്ട്രീയമായ ആ വിമര്‍ശനം തെറ്റിദ്ധാരണ ഉണ്ടാകുന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടുവെന്നും വിജയ രാഘവന് വ്യക്തമാക്കിയെന്നും സംഭവം വിവാദമായ പശ്ചാത്തലത്തില്‍ വിജയരാഘവന് പ്രതികരിച്ചു.






