
മുംബൈ: മുംബൈ ഇന്ത്യന്‍സ് പേസര്‍ ശ്രീലങ്കന്‍ താരം ലസിത് മലിംഗ നാട്ടിലേക്ക് തിരികെ മടങ്ങുന്നു. ലങ്കന്‍ ക്രിക്കറ്റ ബോര്‍ഡിന്റെ പ്രത്യേക അനുമതിയോടെ ഐപിഎല്‍ കളിക്കാന്‍ എത്തിയ മലിംഗയുടെ മനസ് ഒടുവില്‍ ലോകകപ്പ് തയാറെടുപ്പിനായി മാറുകയായിരുന്നു. ലോകകപ്പിനു മുന്നോടിയായി ലങ്കയുടെ ട്രയല്‍സ് ടൂര്ണമെന്റിനാണ് ഐപിഎല്‍ ഒഴിവാക്കി താരം മടങ്ങിയത്.
ഐപിഎല്‍ പൂര്‍ണമായും കളിക്കാന്‍ ബോര്‍ഡ് മലിംഗയ്ക്ക് അനുവാദം നല്‍കിയത് കഴിഞ്ഞ ആഴ്ചയാണ്. ഒടുവില്‍ മലിംഗ മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. നാട്ടില്‍ നടക്കുന്ന ശ്രീലങ്കന്‍ പ്രൊവിന്‍ഷ്യല്‍ ഏകദിന ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താരം തിരിച്ചെത്തുമെന്ന് ബോര്‍ഡ് വ്യക്തമാക്കി. നാലു ടീമുകളാണ് ലങ്കന്‍ ടൂര്‍ണമെന്റിലുള്ളത്.
ടൂര്‍ണമെന്റില്‍ ഗോള്‍ ടീമിന്റെ ക്യാപ്റ്റനാണ് മലിംഗ. ഏപ്രില്‍ 11 നു തീരുന്ന ടൂര്‍ണമെന്റിനു ശേഷം മലിംഗ ഐപിഎല്ലിനായി ഇന്ത്യയിലേക്ക് മടങ്ങിയെത്തും. ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തില്‍ താരം കളിക്കുമോയെന്ന കാര്യം വ്യക്തമല്ല. മുംബൈ ഇന്ത്യന്‍സിനൊപ്പം ചൊവ്വാഴ്ച ലസിത് മലിംഗ പരീശീലനത്തിനിറങ്ങിയിരുന്നു.




