
കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് പത്തു ദിവസത്തേക്കെങ്കിലും വിശ്രമം വേണ്ടി വരുമെന്ന് പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ബെന്നി ബെഹന്നാന് പകരക്കാരനായി ചാലക്കുടിയില്‍ ഉമ്മന്‍ചാണ്ടി എത്തണമെന്ന് ആവശ്യം ഉയരുന്നു. വോട്ടെടുപ്പ് നടക്കാന്‍ കേവലം രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ പ്രചരണം മുന്നില്‍ നിന്നും നയിക്കാന്‍ ഉമ്മന്‍ചാണ്ടി എത്തുന്നത് പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജമാകുമെന്നാണ് വിലയിരുത്തല്‍. വ്യാഴാഴ്ച രാത്രി പര്യടനം പൂര്ത്തിയാക്കിയെത്തിയതിന് പിന്നാലെ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു ബെന്നി ബെഹന്നാന് ഹൃദയാഘാതം ഉണ്ടായത്.
സമയത്ത് തന്നെ എത്തിക്കാനായതിനാല്‍ ബ്ളോക്ക് കണ്ടെത്തി ആന്റിയോ പ്ളാസ്റ്റി ചെയ്യാനായിരുന്നു. അപകടനില തരണം ചെയ്തെങ്കിലും 48 മണിക്കൂര്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരാനാണ് നിര്‍ദേശം. ഇതിന് പിന്നാലെ 10 ദിവസത്തെ വിശ്രമം കൂടിയാകുമ്പോള്‍ പ്രചരണം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തും. മുഖ്യപതിപക്ഷമായ സിപിഎം നേരത്തേ തന്നെ ഇന്നസെന്റിനെ സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിച്ച് ഏറെ ദൂരം പ്രചരണത്തില്‍ മുമ്പോട്ട് പോകുകയും ചെയ്ത ശേഷമാണ് ബെന്നി ബെഹന്നാന്റെ പേര് പുറത്തുവന്നത്.
ഇതോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ മുതിര്‍ന്ന ഒരു നേതാവിന്റെ സാന്നിദ്ധ്യം അനിവാര്യവുമാണ്. ഈ തെരച്ചിലാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയില്‍ എത്തി നില്‍ക്കുന്നത്. പ്രചാരണം ചൂടു പിടിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിക്ക് പ്രചരണം നടത്താന്‍ കഴിയാതെ വരുന്നത് തിരിച്ചടിയാകുമോ എന്നാണ് ആശങ്ക. സ്ഥാനാര്‍ത്ഥി ഇല്ലാത്തതിനാല്‍ യുഡിഎഫ് പ്രചരണ പരിപാടികള്‍ നിര്‍ത്തി വെച്ചിരിക്കകയാണ്. ഇടതു എംപി ഇന്നസെന്റിന്റെ പ്രചാരണം മുന്നേറുകയും ചെയ്തിരിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയെ പോലെ കരുത്തനായ ഒരു നേതാവ് പ്രചരണ പരിപാടികളില്‍ ചുക്കാന്‍ പിടിച്ചാല്‍ നന്നായിരിക്കും എന്നതാണ് അണികളുടെ കാഴ്ചപ്പാട്.
സ്ഥാനാര്‍ഥിയുടെ അഭാവത്തില്‍ എംഎല്‍എമാര്‍ തങ്ങളുടെ നിയമസഭാ മണ്ഡലങ്ങളില്‍ പ്രചാരണം നയിക്കണമെന്ന തീരുമാനമാണ് പ്രവര്‍ത്തകര്‍ക്കുള്ളത്. ഉമ്മന്‍ചാണ്ടി വരികയാണെങ്കില്‍ പരമ്പരാഗത വോട്ടുകള്‍ക്ക് പുറമേ കഴിഞ്ഞ തവണ വിമത നീക്കത്തില്‍ പെട്ടുപോയ വോട്ടുകളും തിരികെയെത്തിക്കാമെന്ന് കോണ്‍ഗ്രസ് കരുതുന്നു. എന്നാല്‍ ഏതെങ്കിലും മണ്ഡലത്തില്‍ മാത്രം പ്രചരണത്തിന് ഉമ്മന്‍ചാണ്ടിയെ ഉപയോഗിക്കാന്‍ കഴിയില്ലെന്നും എല്ലാ മണ്ഡലങ്ങളിലും പ്രചരണത്തിന് എത്തേണ്ടയാളാണ് ഉമ്മന്ചാണ്ടിയെന്നുമാണ് കോണ്‍ഗ്രസ് നിലപാട്.






