ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ ബി.എസ്.പി അധ്യക്ഷ മായാവതി. യു.പിയിലെ മുസ്ലീങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത് ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കരുതെന്ന് മായാവതി ആവശ്യപ്പെട്ടു. ബി.എസ്.പി-എസ്.പി സഖ്യത്തിന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മായാവതി. രാഹുല്‍ ഗാന്ധിയേയും നരേന്ദ്ര മോഡിയേയും ഒരുപോലെ വിമര്‍ശിച്ചു കൊണ്ടായിരുന്നു മായാവതിയുടെ പ്രസംഗം.
വ്യാഴാഴ്ച ആദ്യഘട്ട പോളിംഗ് നടക്കുന്ന പടിഞ്ഞാറന്‍ യു.പിയിലെ സഹറന്പൂര് മണ്ഡലത്തിലെ ദേവ്ബന്ദിലാണ് എസ്്.പി-ബി.എസ്.പി സഖ്യത്തിന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലി നടന്നത്. മുസ്ലീം വോട്ടുകള്‍ ഭിന്നിപ്പിച്ച് ബി.ജെ.പിയെ സഹായിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് മായാവതി കുറ്റപ്പെടുത്തി.
കാവല്‍ക്കാരന്റെ കപടവേഷം മോഡിയെ ഇനി പിന്തുണയ്ക്കില്ലെന്ന് മായാവതി പറഞ്ഞു. രാജ്യസുരക്ഷ മോഡി അപകടത്തിലാക്കി. ദരിദ്രരെ കബളിപ്പിക്കുന്ന കോണ്‍ഗ്രസിന്റെ പതിവ് പരിപാടിയാണ് ന്യായ് പദ്ധതിയെന്നും മായാവതി വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് അടുത്താല്‍ ചിലര്‍ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുകയും ഗംഗാ യാത്ര നടത്തുകയും ചെയ്യുമെന്നും രാഹുലിനെയും പ്രിയങ്കയെയും പരിഹസിച്ച് മായാവതി പറഞ്ഞു.






