
ഗാസിയാബാദ്: മനുഷ്യ മനസ്സിനെ മരവിപ്പിക്കുന്ന ഒരു ക്രിമിനൽ സംഭവം കൂടി ഗാസിയാബാദിൽ നിന്ന് റിപ്പോർട്ടുചെയ്യുന്നു. ഒരു ഏഴു വയസ്സുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയും തലയ്ക്ക് ഇരുമ്പുവടി കൊണ്ട് അടിക്കുകയും ചെയ്തു. കുട്ടിയുടെ മൃതദേഹം നിർമ്മാണത്തിലിരിക്കുന്ന മാളിന്റെ ബേസ്‌മെന്റിൽ ലിഫ്റ്റ് ഷാഫ്റ്റിൽ കണ്ടെത്തി.വെള്ളിയാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ആക്രമണത്തിനു പിന്നാലെ നിർമ്മാണത്തിലിരിക്കുന്ന മാളിന്റെ മൂന്നാം നിലയിലെ ലിഫ്റ്റ് ഷാഫ്റ്റിലൂടെ കുട്ടി താഴേക്ക് പതിക്കുകയായിരുന്നു. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് മാളിന്റെ ബേസ്‌മെന്റിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.സംഭവവുമായി ബന്ധപ്പെട്ട് ഒരു പുരുഷനെ അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്ത ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി നന്ദ്ഗ്രാം എസിപി പ്രിയാഷി പാൽ അറിയിച്ചു.
പെൺകുട്ടിയെ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്ന് ഡിസിപി ധവാൽ ജയ്‌സ്വാൾ പറഞ്ഞു. "കെട്ടിടത്തിന്റെ മൂന്നാം നിലയിൽ വെച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. അതിനുശേഷം പ്രതികൾ കുട്ടിയുടെ തലയ്ക്ക് ഇരുമ്പ് വടികൊണ്ട് അടിച്ചു. പിടിച്ചു നിൽക്കാൻ മറ്റൊന്നുമില്ലാതിരുന്നതിനാൽ കുട്ടി ഷാഫ്റ്റിലൂടെ താഴെ ബേസ്‌മെന്റിലേക്ക് വീഴുകയായിരുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരയായ കുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നീ വകുപ്പുകൾ ചുമത്തിയും, കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള പോക്സോ നിയമപ്രകാരവുമാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് എസിപി പറഞ്ഞു.






