
അന്തരിച്ച പ്രശസ്ത പിന്നണി ഗായിക എസ്. ജാനകിയമ്മയ്ക്ക് വിട നല്‍കാന്‍ ഒരുങ്ങി സംഗീതലോകം. മൈസൂരു അപ്പോളോ ബിജിഎസ് ആശുപത്രിയില്‍ ഇന്നലെ വൈകീട്ട് ഏഴരയോടെയായിരുന്നു അനശ്വര ഗായികയുടെ അന്ത്യം. പ്രിയ ഗായികയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി മൈസൂരു മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ രാവിലെ ഏഴര മുതല്‍ പൊതുദര്‍ശനം പുരോഗമിക്കുകയാണ്. തുടര്‍ന്ന് ഔദ്യോഗിക ബഹുമതികളോടെ കനിയനഹുണ്ഡി ഫാം ഹൗസില്‍ വെച്ച് സംസ്‌കാര ചടങ്ങുകൾ നടക്കും.
ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ 1938 ഏപ്രില്‍ 23-നാണ് ശിസ്തില ജാനകി ജനിച്ചത്. മാതാപിതാക്കളുടെ വിയോഗാന്തരം അമ്മാവന്റെ സംരക്ഷണയില്‍ വളര്‍ന്ന ജാനകിയുടെ സംഗീത ജീവിതത്തിലെ വഴിത്തിരിവ് 1956ല്‍ ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീതമത്സരമായിരുന്നു. മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയാണ് അവര്‍ സംഗീതലോകത്തേക്ക് ചുവടുവെച്ചത്. 1957ല്‍ മദ്രാസിലെ എവിഎം സ്റ്റുഡിയോയില്‍ പ്രവേശിച്ച അവര്‍, 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.
1962ല്‍ പുറത്തിറങ്ങിയ 'കൊഞ്ചും ചിലങ്കൈ' എന്ന ചിത്രത്തിലെ "ശിങ്കാര വേലനെ ദേവ" എന്ന പാട്ട് തെന്നിന്ത്യന്‍ സംഗീതലോകത്തെ ഇളക്കിമറിച്ചതോടെ അവര്‍ സിനിമാസംഗീതമേഖലയില്‍ തന്റെ ആധിപത്യം ഉറപ്പിച്ചു. മലയാളത്തില്‍ എം.എസ്. ബാബുരാജിന്റെ ഈണങ്ങളിലൂടെയാണ് വിടവാങ്ങിയ ഗായികയുടെ സ്വരമാധുരി മലയാളികളുടെ ഹൃദയത്തിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്നത്. ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്കുപുറമേ ഹിന്ദി, ഇംഗ്ലീഷ്, ജര്‍മന്‍ തുടങ്ങി വിവിധ ഭാഷകളിലായി ആറര പതിറ്റാണ്ട് നീണ്ട കരിയറില്‍ 48,000ത്തിലധികം ഗാനങ്ങളാണ് അവര്‍ ആലപിച്ചത്.
നാലുതവണ ദേശീയ പുരസ്‌കാരവും 11 തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും എസ്. ജാനകിയെ തേടിയെത്തിയിട്ടുണ്ട്. 'ഓപ്പോള്‍' എന്ന സിനിമയിലെ "ഏറ്റുമാനൂരമ്പലത്തില്‍" എന്ന ഗാനമാണ് 1981ല്‍ അവരെ ദേശീയ അവാര്‍ഡിന് അര്‍ഹയാക്കിയത്. ഭര്‍ത്താവ് വി.രാമപ്രസാദും മകന്‍ മുരളീകൃഷ്ണയും നേരത്തെ മരണപ്പെട്ടിരുന്നു.






