
കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം മാണിയുടെ വിയോഗം പാലായ്ക്കു മാത്രമല്ല, കേരള രാഷ്ട്രീയത്തിന് ആകെ നികത്താനാവാത്ത നഷ്ടമാണ്. ഒരു നിയോജക മണ്ഡലത്തില്‍ നിന്നും 13 വര്‍ഷം തുടര്‍ച്ചയായി ജയിച്ചു, ഏറ്റവും അധികകാലം എം.എല്‍.എ ആയിരുന്ന ആള്, ഏറ്റവും കൂടുതല്‍ കാലം മന്ത്രി, ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച (13 തവണ) ധനമന്ത്രി തുടങ്ങി നിരവധി റെക്കോര്‍ഡുകള്‍ക്ക് ഉടമയാണ് കെ.എം മാണി.
12 മന്ത്രിസഭകളില്‍ അംഗമായിരുന്ന മാണി ധനം, ആഭ്യന്തരം, നിയമം, റവന്യൂ, വൈദ്യുതി തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
1933 ജനുവരി 30ന് പാലാ മരങ്ങാട്ടുപള്ളിയിലായിരുന്നു ജനനം. അഭിഭാഷകനായി ജോലിയില്‍ പ്രവേശിച്ചുവെങ്കിലും വൈകാതെ രാഷ്ട്രീയത്തിലെത്തി. 1965 മുതല്‍ പാലായെ പ്രതിനിധീകരിച്ച് നിയമസഭയില്‍ എത്തി. പിന്നീട് പാലായുടെ മാണിക്യം ആയി മാണി മാറി. പിന്നാലെ കേരള കോണ്‍ഗ്രസിന്റെ അഭിഭാജ്യ ഘടകമായി മാറി.
പാലായും മാണിയുമായുള്ള ബന്ധം രക്തബന്ധത്തേക്കാള്‍ ശക്തമായിരുന്നു. തനിക്ക് രണ്ട് ഭാര്യമാര്‍ ഉണ്ടെന്ന് മാണി എപ്പോഴും പറയും. കുട്ടിയമ്മ ഒന്നാം ഭാര്യ ആണെങ്കില്‍ പാല തന്റെ രണ്ടാം ഭാര്യ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശേഷണം.
ഏതു കൊടുങ്കാറ്റു വന്നാലും പാല മാണിയേയും മാണി പാലായേയും കൈവിട്ടില്ല. ബാര്‍കോഴ കേസില്‍ പെട്ട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസ്ഥാനം രാജിവച്ചതു മാത്രമാണ് ഇത്രയും കാലത്തെ രാഷ്ട്രീയ ജീവിതത്തില്‍ മാണി നേരിട്ട ഏക പരാജയം. എങ്കിലും 2016ലെ തെരഞ്ഞെടുപ്പില്‍ പാലാ മാണിയെ സ്നേഹിച്ചു. കടുത്ത മത്സരം നേരിട്ട സമയത്തും പാലാ മാണിയെ നെഞ്ചിലേറ്റി.






