
സിഡ്നി: ന്യൂസിലന്റ് വനിതാക്രിക്കറ്റ് താരം ഹെയ്ലി ജെന്‍സണും ഇതുവരെ രാജ്യത്തിനായി അരങ്ങേറ്റം കുറിക്കാത്ത ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരം നിക്കോളാ ഹാന്‍കോക്കും വിവാഹിതരായി. ഓസ്ട്രേലിയന്‍ ബിഗ്ബാഷ് ലീഗില്‍ രണ്ടു ടീമുകള്‍ക്കായി കളിക്കുന്ന ജെന്‍സണും നിക്കോളും രണ്ടു രാജ്യങ്ങളില്‍ നിന്നും വിവാഹിതരാകുന്ന ആദ്യ വനിതാ ദമ്പതികളാണ്.
ഇരുവരും വിവാഹിതരായതായി ട്വിറ്ററിലൂടെയാണ് ആരാധകരെ അറിയിച്ചത് ഹെയ്ലിയുടെ ബിഗ് ബാഷ് ലീഗിലെ ക്ളബ്ബ് മെല്‍ബണ്‍ സ്റ്റാറായിരുന്നു. വിവാഹഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ന്യൂസിലന്റിലെ അറിയപ്പെടുന്ന വനിതാക്രിക്കറ്റ് താരമായ ഹെയ്ലി ഓസ്ട്രേലിയയിലെ ബിഗ്ബാഷ് ലീഗിന്റെ മൂന്നാം എഡീഷന് കളിക്കാനൊരുങ്ങുകയാണ്. 2017/18 സീസണില്‍ വിക്ടോറിയ വുമണ്‍സ് പ്രീമിയര്‍ ക്രിക്കറ്റില്‍ ഉനാ പെയ്സ്ലി മെഡല്‍ നേടിയ താരമാണ് ജെന്സണ്.
2014 ല്‍ വൈറ്റ് ഫെണ്സിനായി ഇറങ്ങിയ ജെന്സണ് മെല്‍ബണ്‍ ക്രിക്കറ്റ് ക്ളബ്ബിനായി ആദ്യമായി സെഞ്ച്വറി നേടിയ വനിതാ താരമാണ്. 2015 മാര്‍ച്ചില്‍ പ്രഹരനെതിരേ 122 റണ്‍സാണ് അടിച്ചത്. കഴിഞ്ഞ വനിതാ ബിഗ്ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാറിന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ താരമാണ് ഹാന്‍കോക്ക്. 14 കളിയില്‍ 13 വിക്കറ്റാണ് വീഴ്ത്തിയത്. സിഡ്നി സിക്സേഴ്സിനെതിരേ നേടിയ 22 ന് നാല് എന്ന മികച്ച പ്രകടനം ഉള്‍പ്പെടെയായിരുന്നു ഇത്. 2013 ആഗസ്റ്റ് 19 മുതല്‍ ന്യൂസിലന്റില്‍ സ്വവര്‍ഗ്ഗ പ്രണയികളുടെ വിവാഹം നിയമപരമാക്കിയിട്ടുണ്ട്.
2013 ഏപ്രില്‍ 17 ന് ന്യുസിലന്റ് പ്രതിനിധിസഭ 44 നെതിരേ 77 വോട്ടുകളിട്ട് വിജയിപ്പിച്ച ബില്ല് പിന്നീട് നിയമമായി. കഴിഞ്ഞയാഴ്ചയാണ് ദക്ഷിണാഫ്രിക്കയുടെ വനിതാ ക്രിക്കറ്റ് ടീം നായിക ഡേന്‍ വാന്‍ നിക്കര്ക്കും സഹതാരം മരിസാന്നേ കാപ്പും വിവാഹിതരായത്. ന്യൂസിലന്റ് താരങ്ങളായ ആമി സാറ്റര്ത്ത്വെയ്റ്റും ലീയ ടാഹൂഹുവുമാണ് ഇക്കാര്യത്തില്‍ ഇവരുടെ മുന്‍ഗാമികള്‍.






