
തിരുവനന്തപുരം : സംസ്ഥാനത്തെ കനത്ത പോളിങ്ങില്‍ പ്രതീക്ഷയര്‍പ്പിച്ച് യു.ഡി.എഫ്. ഇത് ചില സൂചനകള്‍ നല്‍കുന്നതാണെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തല്‍. ശബരിമല വിഷയം ഏറെ സജീവമായി ചര്‍ച്ചയായ തെരഞ്ഞെടുപ്പായതുകൊണ്ടുതന്നെ അത് തങ്ങള്‍ക്ക് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് ബി.ജെ.പിയും.
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വമാണ് പോളിങ് വര്‍ധനയ്ക്ക് കാരണമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തല്‍. രാജ്യത്ത് നരേന്ദ്ര മോഡിയെ നേരിടുന്ന ഏറ്റവും പ്രമുഖനായ നേതാവ് എന്ന നിലയിലാണ് രാഹുല്‍ ഗാന്ധിയെ അവതരിപ്പിച്ചത്. രാഹുലിന്റെ വരവ് ആകെ തളര്‍ന്നുകിടന്ന കോണ്‍ഗ്രസ് അണികളെ ഊര്ജ്ജസ്വലമാക്കിയെന്നും അത് പ്രചരണരംഗത്ത് പ്രകടമായെന്നും അവര്‍ വ്യക്തമാക്കുന്നു. യു.ഡി.എഫില്‍ നിന്നു നഷ്ടപ്പെട്ട വോട്ടുകള്‍ മടക്കികൊണ്ടുവരുന്നതിന് അത് ഉപകരിക്കുമെന്നും അവര്‍ വിലയിരുത്തുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ അകന്നുപോയ ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിവന്നിട്ടുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. പുതിയ വോട്ടര്‍മാരുടെയും സ്ത്രീകളുടെയും സാന്നിദ്ധ്യവും യു.ഡി.എഫിന് പ്രതീക്ഷ നല്‍കുന്നുണ്ട്. പരമ്പരാഗത യു.ഡി.എഫ്. ശക്തികേന്ദ്രങ്ങളിലും നല്ലരീതിയില്‍ പോളിങ് നടന്നിട്ടുണ്ട്.
എന്നാല്‍ പോളിഗ് ശതമാനം വര്‍ദ്ധിക്കുമ്പോള്‍ യു.ഡി.എഫ്. വിജയിക്കും എന്ന പ്രവചനം തെറ്റാണെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് തെളിയിച്ചതാണ്. അന്ന് കനത്ത തോല്‍വി ഏറ്റുവാങ്ങിയ യു.ഡി.എഫിന് ഇനി ഒരുതോല്‍വി കൂടി താങ്ങാനാകില്ല.
ഇതേ ആത്മവിശ്വാസമാണ് എന്‍.ഡി.എയും പ്രകടിപ്പിക്കുന്നത്. ഇക്കുറി കുറഞ്ഞപക്ഷം ആറു സീറ്റെങ്കിലും നേടുമെന്നാണ് അവര്‍ അവകാശപ്പെടുന്നത്. വോട്ടിങ്ങില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധന തങ്ങളുടെ പ്രചരണത്തിന്റെ ഫലമായാണെന്നും അവര്‍ പറയുന്നു. പ്രധാനമായി അവര്‍ ചൂണ്ടിക്കാട്ടുന്നത് ശബരിമല വിഷയമാണ്. ശബരിമല വിഷയം പ്രചരണരംഗത്ത് സജീവമായതാണ് കേരളത്തില്‍ ഇത്രയും ശക്തമായ പോളിംഗിന് വഴിവച്ചതെന്നും അവര്‍ അവകാശപ്പെടുന്നു. തങ്ങള്‍ക്ക് ആറു സീറ്റുവരെ ലഭിക്കുമെന്ന് അവകാശപ്പെടുന്ന അവര്‍ സി.പി.എമ്മിനും ഇടതുമുന്നണിക്കും ഒരു സീറ്റും ലഭിക്കില്ലെന്നുമാണ് പറയുന്നത്.
ബി.ജെ.പിയുടെ ഭാവി നിര്‍ണയിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ്. ശബരിമല വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് കനത്തപോളിങ് എന്നാണ് അവരുടെ അഭിപ്രായം. സ്ത്രീകളുടെ നീണ്ടനിര ഇതിന് ഉദാഹരണമാണെന്ന് അവര്‍ പറയുന്നു. മാത്രമല്ല, നഗരപ്രദേശങ്ങളില്‍ ഇന്നുവരെ വോട്ട് ചെയ്യാന്‍ തയാറാകാതിരുന്നവര്‍ വരെ ഇക്കുറി വോട്ട് രേഖപ്പെടുത്താന്‍ എത്തിയത് മോഡിക്കുള്ള പിന്തുണയാണെന്നാണ് അവര്‍ പറയുന്നത്.
ബി.ജെ.പി.യുടെ ശബരിമല യുവതീപ്രവേശന വിഷയത്തിലെ ഇടപെടല്‍തന്നെ തെരഞ്ഞെടുപ്പു ലക്ഷ്യം വച്ചായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്കുപുറമേ കേന്ദ്രമന്ത്രിമാരും മറ്റു നേതാക്കളും പ്രചാരണരംഗത്ത് സജീവമായിരുന്നു. അതിന്റെ ഗുണം ഫലപ്രഖ്യാപനദിനം കണ്ടില്ലെങ്കില്‍ പ്രതിക്കൂട്ടിലാകുക സംസ്ഥാനനേതാക്കളാകും.
എന്നാല്‍ മതേതര ജനാധിപത്യ മൂല്യങ്ങളും നവോത്ഥാനവും നിലനില്ക്കണമെന്ന പുതുതലമുറ വോട്ടര്‍മാരുടെ ആവേശമാണ് തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും പരമ്പാഗത വോട്ടുകള്‍ക്കൊപ്പം ഇത് ഇടതു മുന്നണിയുടെ വന്‍വിജയം പ്രവചിക്കുന്നു എന്നുമാണ് എല്‍.ഡി.എഫിന്റെ വിലയിരുത്തല്‍. 13 സീറ്റില്‍ ഉറച്ച വിജയപ്രതീക്ഷയാണ് ഇടതുമുന്നണിക്കുമുള്ളത്. ബാക്കി നാലോളം സീറ്റുകള്‍ തങ്ങളുടെ അക്കൗണ്ടിലെത്തുമെന്നും പ്രതീക്ഷിക്കുന്നു. രാഷ്ട്രീയ- ജനകീയവിഷയങ്ങള്‍ ഏറ്റവും കൂടതുല്‍ പ്രചരണായുധമാക്കയത് എല്‍.ഡി.ഡി. എഫ്. മാത്രമാണ്. തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ മുഖ്യമന്ത്രി പിണറായി വിജയനു കനത്ത ആഘാതമായിരിക്കുമെന്നു മാത്രമല്ല, മുന്നണിയില്‍ അത് അസ്വാരസ്യങ്ങള്‍ക്കും വഴിവയ്ക്കും.
ആര്. സുരേഷ്






