
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്കെതിരായ ലൈംഗിക പീഡന പരാതിയിലെ ഗൂഢാലോചന അന്വേഷിക്കുമെന്ന് സുപ്രീം കോടതി. വിശദമായ അന്വേഷണം വേണമെന്നും അല്ലെങ്കില്‍ കോടതിയുടെ വിശ്വാസ്യത നഷ്ടപ്പെടുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ച് വ്യക്തമാക്കി. പരാതി ഗൂഢാചോനയുടെ ഭാഗമായോ എന്ന് അന്വേഷിക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് നിരീക്ഷിച്ചു. കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.
ചീഫ് ജസ്റ്റിസിനെ ലൈംഗിക പീഡന കേസില്‍ കുടുക്കാനായി വലിയ ഗൂഢാലോചന നടന്നതായും പരാതി ഉന്നയിക്കാന്‍ ഒന്നരകോടി രൂപ വാഗ്ദാനം ലഭിച്ചെന്നും ആരോപിച്ച അഭിഭാഷകന് ഉത്സവ് സിങ് ബയന്‍സ് ഇന്ന് സുപ്രീം കേടതിയില്‍ ഹാജരാവുകയും സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തു. കോര്‍പ്പറേറ്റുകളുടെ ഗൂഢാലോചനയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനു തെളിവായുള്ള രേഖകള്‍ ഉത്സവ് ബെയ്ന്‍സ് കൈമാറി. എന്നാല്‍ കൂടുതല്‍ തെളിവുകളുമായി പുതിയ സത്യവാങ് മൂലം നാളെ സമര്‍പ്പിക്കാന്‍ ബെയ്ന്സനോട് കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസ് നാളത്തേയ്ക്ക് മാറ്റിവച്ചു.
പരാതിക്ക് പിന്നിലെ ആരോപണം അന്വേഷിക്കുന്നതിന് കോടതി വിളിച്ചു വരുത്തിയതിനെ തുടര്‍ന്ന്് സി.ബി.ഐ ജോയിന്റ്് ഡയറക്ടര്‍, ഐ.ബി ജോയിന്റ് ഡയറക്ടര്‍, ഡല്‍ഹി പോലീസ് കമ്മീഷ്ണര്‍ എന്നിവരുമായി മൂന്നംഗ ബഞ്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ചിഫ് ജസ്റ്റിസിനെതിരെയുള്ള പരാതിയും ഗൂഢാലോചന അന്വേഷിക്കുന്നതും തമ്മില്‍ കൂട്ടികലത്തരുതെന്നായിരുന്നു അഭിഭാഷക ഇന്ദിര ജയിംസിന്റെ വാദം. എന്നാല്‍ ഇന്ദിരാ ജെയിംസിന്റെ ആവശ്യം പരിഗണിക്കാനല്ല കോടതി ചേര്‍ന്നതെന്നും ചീഫ് ജസ്റ്റിസിനെതിരായ ആരോപണത്തിനു പിന്നിലെ ഗൂഢാലോചനയാണ് പരിഗണിക്കുന്നതെന്നും ജസ്റ്റിസ് ആര്.എഫ് നരിമാന് വ്യക്തമാക്കി.






