
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. കെജെ റീനയെ മാറ്റിയ സർക്കാർ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തു. ഡോ. റീന നൽകിയ ഹർജിയിലാണ് നടപടി. സ്റ്റേ ഉത്തരവോടെ ആരോഗ്യ ഡയറക്ടർ സ്ഥാനത്ത് ഡോ. കെജെ റീന തുടരും. നിയമവ്യവസ്ഥയോട് നന്ദിയുണ്ടെന്ന് സ്റ്റേ ലഭിച്ചതിന് പിന്നാലെ ഡോ. റീന മാധ്യമങ്ങളോട് പ്രതികരിച്ചു.
സംസ്ഥാന സർക്കാരുമായി സഹകരിക്കാത്തതിനാലാണ് റീനയെ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് ആരോഗ്യ മന്ത്രിയുടെ വിശദീകരണം. ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. കെജെ റീനയെ മാറ്റി അഡീഷണൽ ഡയറക്ടറായ ഡോ. വി. മീനാക്ഷിക്ക് ചുമതല നൽകിയിരുന്നു. എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായാണ് റീനയെ നിയമിച്ചത്. ഇതിനെതിരെയാണ് ഡോ. റീന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്.






