
തിരുവനന്തപുരം: കോൺഗ്രസിന്റെ ദേശീയ നിലപാട് പിഎം ശ്രീ പദ്ധതിയെ അംഗീകരിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകൾ പിഎം ശ്രീ പദ്ധതിയുടെ ഭാഗമാണെന്നും ഒരു കോൺഗ്രസ് സർക്കാരും ഇതിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രസക്തമായ വിഷയം കോൺഗ്രസിന്റെ ദേശീയ നിലപാട് എന്താണെന്നതാണെന്നും ഒപ്പിട്ടതുകൊണ്ട് മാത്രം പിഎം ശ്രീ പദ്ധതി നടപ്പിലാകില്ലെന്നും പിണറായി വിജയൻ പറഞ്ഞു. പുതിയ സർക്കാർ പദ്ധതിയിൽ നയപരമായ തീരുമാനം എടുക്കേണ്ടതുണ്ടെന്നും യുഡിഎഫ് സർക്കാർ നയംമാറ്റത്തിന് പ്രേരിപ്പിച്ച ഘടകം എന്താണെന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്രം സംസ്ഥാനത്തിന് പ്രത്യേകമായ എന്തെങ്കിലും അറിയിപ്പ് നൽകിയിട്ടുണ്ടോയെന്നും പിഎം ശ്രീ നടപ്പിലാക്കുന്നതിന്റെ ഉദ്ദേശശുദ്ധി യുഡിഎഫ് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനം മുൻകൈ എടുത്താൽ മാത്രമേ പദ്ധതി നടപ്പിലാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.
എൽഡിഎഫ് സർക്കാർ ധാരണാപത്രം ഒപ്പിട്ടതിനാൽ അതുമായി മുന്നോട്ട് പോകുകയല്ലാതെ മറ്റ് മാർഗമില്ലെന്ന യുഡിഎഫ് സർക്കാരിന്റെ വാദം തെറ്റാണെന്നും പിണറായി വിജയൻ പറഞ്ഞു. എസ്‌എസ്‌കെ ഫണ്ട് പിടിച്ചുവെച്ചത് വിദ്യാഭ്യാസ മേഖലയെ വരിഞ്ഞുമുറുക്കിയെന്നും അദ്ദേഹം ആരോപിച്ചു.





