
കൊളംബോ: ലങ്കയെ ചോരയില്‍ മുക്കിയ തുടര്സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട തെരച്ചിലിനിടെ പോലീസ് എത്തിയപ്പോള്‍ ചാവേര്‍ സഹോദരളിലൊരാളായ ഇല്‍ഹാമിന്റെ ഭാര്യ ഫാത്തിമ ബോംബ് പൊട്ടിച്ചെന്നും മൂന്നു മക്കളും മൂന്നു പോലീസുകാരും ഈ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ട്. ചാവേര്സഹോദരങ്ങളുടെ പിതാവായ മുഹമ്മദ് യൂസഫ് ഇബ്രാഹിമിന്റെ വീട്ടില്‍ പോലീസ് റെയ്ഡിനായി എത്തിയപ്പോഴായിരുന്നു ഇത്.
സ്ഫോടനം നടത്തിയ സഹോദരങ്ങളായ ഇന്‍സാഫും ഇല്‍ഹാമും തീവ്ര ഇസ്ലാമിക ഭികരതവാദത്തിലേക്കും ജിഹാദിലേക്കും തിരിയും മുമ്പ് മെച്ചപ്പെട്ട ജീവിതനില െകെവരിച്ചിരുന്നെന്നു പോലീസ് ചൂണ്ടിക്കാട്ടുന്നു. സുഗന്ധ വ്യഞ്ജന വ്യാപാരിയായ മുഹമ്മദിന്റെ മക്കളെന്ന നിലയില്‍ ഇരുവരും സാമ്പത്തികമായും മെച്ചപ്പെട്ട നിലയിലായിരുന്നു. ഇന്‍സാഫ് ചെമ്പ് ഖനിയുടമ കൂടിയായിരുന്നു. സുഗന്ധവ്യഞ്ജന രാജാവായ മുഹമ്മദ് ഇബ്രാഹിം തദ്ദേശീയമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു പണം നല്‍കിയിരുന്നെന്നും പറയപ്പെടുന്നു.
മുഹമ്മദിന്റെ വീട് മക്കള്‍ സുരക്ഷിത താവളമാക്കി. പോലീസും ബോംബ് സ്ക്വാഡും ഈ വീട്ടിലെത്തുമ്പോള്‍ അവിടെ മുഹമ്മദിന്റെ ബി.എം.ഡബ്ല്യു കാര്‍ കിടക്കുന്നുണ്ടായിരുന്നു. എണ്‍പതുകളില്‍ സുഗന്ധവ്യഞ്ജനരംഗത്തു സര്‍ക്കാരിനുള്ള കുത്തക തകര്‍ത്താണ് മുഹമ്മദിന്റെ കമ്പനിയായ ഇഷാന എക്സ്പോര്‍ട്ട്സ് ഈ മേഖലയില്‍ കരുത്തു തെളിയിച്ചത്. നാഷണല്‍ തൗഹീത്ത് ജമാത്തില് അംഗമായ മൗലവി സഹ്റാന്‍ ഹാഷിമുമായുള്ള ബന്ധമാണ് മുഹമ്മദിന്റെ മക്കളെ ഭീകരവാദത്തിലേക്കു നയിച്ചതെന്നാണു വിവരം.
ഈസ്റ്റര്‍ദിന ആക്രമണത്തിലെ ചാവേറുകളെന്നു സംശയിക്കുന്ന സഹോദരന്മാരുടെ പിതാവായ ലങ്കയിലെ സുഗന്ധവ്യഞ്ജന വ്യാപാരഭീമനും അറസ്റ്റില്‍. ഭീകരാക്രമണത്തിന് മക്കളെ സഹായിച്ചുവെന്ന സംശയത്തെത്തുടര്‍ന്നാണ് മുഹമ്മദ് യൂസഫ് ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഷാങ്രി ലാ, സിനമണ്‍ ഗ്രാന്‍ഡ് ആഡംബരഹോട്ടലുകളില്‍ ചാവേറായി സ്ഫോടനം നടത്തിയത് ഇബ്രാഹിമിന്റെ മക്കളായ ഇഹാം അഹമ്മ് ഇബ്രാഹിമും ഇസ്മത്ത് അഹമ്മദ് ഇബ്രാഹിമും ആണെന്നാണ് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. എട്ടാമത്തെ സ്ഫോടനം നടന്ന ഇബ്രാഹിമിന്റെ കൊളംബോയിലെ മാളിക തെളിവുകള്‍ക്കായി പോലീസ് പരിശോധിക്കും.






