
തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതിക്ക് പിന്നാലെ കെ.എസ്.ആർ.ടി.സി. ബസുകളിൽ യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിച്ചു. ഇതോടെ യാത്രക്കാരുടെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ബസുകളിൽ ഒരുക്കാനുള്ള നടപടികൾ കെ.എസ്.ആർ.ടി.സി. ആരംഭിച്ചു. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 1,000 ബസുകളിൽ പാനിക് ബട്ടണുകളും സാറ്റലൈറ്റ് അധിഷ്ഠിത തത്സമയ വാഹന ട്രാക്കിംഗ് സംവിധാനവും (VTMS) സ്ഥാപിക്കാനാണ് തീരുമാനം.
അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർക്ക് കൺട്രോൾ റൂമുമായും സുരക്ഷാ ഏജൻസികളുമായും ഉടൻ ബന്ധപ്പെടാൻ സഹായിക്കുന്ന 'വെഹിക്കിൾ ട്രാക്കിംഗ് ആൻഡ് മോണിറ്ററിംഗ് സിസ്റ്റം' (VTMS) ആണ് ബസുകളിൽ സജ്ജമാക്കുന്നത്. ഇതിനായി AIS-140 മാനദണ്ഡം പാലിക്കുന്ന ട്രാക്കിംഗ് ഉപകരണങ്ങളാണ് സ്ഥാപിക്കുക. സാറ്റലൈറ്റ് അധിഷ്ഠിത ട്രാക്കിംഗ് സംവിധാനത്തിലൂടെ ഉൾനാടൻ ഗ്രാമീണ സർവീസുകളിലുൾപ്പെടെ ബസിന്റെ കൃത്യമായ സ്ഥാനം, വേഗത, യാത്രാ ദിശ എന്നിവ തത്സമയം നിരീക്ഷിക്കാൻ കഴിയും.
ബസിനുള്ളിലെ തൂണുകളിൽ ഏകദേശം രണ്ട് മീറ്റർ ഇടവിട്ട് പാനിക് ബട്ടണുകൾ സ്ഥാപിക്കും. ഡ്രൈവറുടെ സീറ്റിന് സമീപം പ്രത്യേക അലർട്ട് ബട്ടണും ഒരുക്കും. സ്ത്രീകൾക്കായി സംവരണം ചെയ്ത ഓരോ സീറ്റിന്റെ നിരയിലും പ്രത്യേക പാനിക് ബട്ടൺ ഉണ്ടായിരിക്കും. ഇരുട്ടിലും യാത്രക്കാർക്ക് ബട്ടണുകൾ എളുപ്പത്തിൽ കണ്ടെത്താൻ ഓരോ ബട്ടണിലും എൽ.ഇ.ഡി. ഇൻഡിക്കേറ്റർ സംവിധാനവും ഉൾപ്പെടുത്തും.
യാത്രക്കാരൻ പാനിക് ബട്ടൺ അമർത്തുന്നയുടൻ മോട്ടോർ വാഹന വകുപ്പിന്റെ 'സുരക്ഷാ മിത്ര' പോർട്ടലിലേക്കും കെ.എസ്.ആർ.ടി.സിയുടെ ഫ്ലീറ്റ് മാനേജ്‌മെന്റ് സിസ്റ്റത്തിലേക്കും ഒരേസമയം അടിയന്തര സന്ദേശം കൈമാറും. തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യമായ നടപടികൾ സ്വീകരിക്കും.
ബസിൽ ഘടിപ്പിക്കുന്ന ട്രാക്കിംഗ് ഉപകരണം ഓരോ അഞ്ച് സെക്കൻഡിലും വാഹനത്തിന്റെ വിവരങ്ങൾ കെ.എസ്.ആർ.ടി.സിയുടെ കേന്ദ്ര നിയന്ത്രണ സംവിധാനത്തിലേക്ക് കൈമാറും. ഇതുവഴി ബസിന്റെ തത്സമയ സ്ഥാനം, വേഗത, യാത്രാ ദിശ എന്നിവ നിരീക്ഷിക്കാനും, കണ്ടക്ടറുമായി നേരിട്ട് ആശയവിനിമയം നടത്താനും, അടിയന്തര സാഹചര്യം ഉണ്ടായാൽ സഹായസംഘത്തെയോ പകരം ഗതാഗത സംവിധാനമോ ഉടൻ വിന്യസിക്കാനും അധികൃതർക്ക് സാധിക്കും.






