
പാലക്കാട്: നെന്മാറ പൂത്തുണ്ടി ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലായിരുന്നു വിധി. കേസിലെ അന്തിമവാദം പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി നാലില്‍ ജൂണ്‍ 30 ന് പൂര്‍ത്തിയായിരുന്നു.
2025 ജനുവരി 27നാണ് പോത്തുണ്ടി സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും അയല്‍വാസിയായ ചെന്താമര കൊലപ്പെടുത്തിയത്. 2025 മാര്‍ച്ച് 25 ന് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു ഇരട്ടക്കൊലപാതകം. കുടുംബം തകരാന്‍ കാരണം സുധാകരനാണെന്ന സംശയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. കൊലകേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചായിരുന്നു പോത്തുണ്ടിയിലേക്കെത്തിയത്.
ചെന്താമരയുടെ കുടുംബം പിരിഞ്ഞു പോകാന്‍ കാരണം സുധാകരനും കുടുംബവുമാണെന്ന സംശയമാണ് ഇയാളെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. കയ്യിലുണ്ടായിരുന്ന വാള്‍ ഉപയോഗിച്ച് സുധാകരനെ വെട്ടിക്കൊലപ്പെടുത്തുന്നത്. ഇത് കണ്ടാണ് സുധാകരന്റെ അമ്മ ലക്ഷ്മി അവിടേക്ക് ഓടിയെത്തുന്നത്. തുടര്‍ന്ന് വയോധികയെയും ഇയാള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ക്ക് ഇരട്ട ജീവപര്യന്തമായിരുന്നു കോടതി വിധിച്ചിരുന്നത്. പിന്നാലെ നടത്തിയ ഇരട്ട കൊലപാതകത്തില്‍ 82 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. ഇതില്‍ ചെന്താമരയുടെ ബന്ധുക്കളുമുണ്ടായിരുന്നു. സാക്ഷികളില്‍ പലരും പൊലീസിന് നല്‍കിയ മൊഴി കോടതിയില്‍ മാറ്റി പറയുന്ന സാഹചര്യം ഉണ്ടായിരുന്നു. ചെന്താമരക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്ന് സുധാകരന്റെ മക്കള്‍ ആവശ്യപ്പെട്ടിരുന്നു.






