
ന്യൂഡല്‍ഹി: നോട്ടു നിരോധനം മൂലം 5000 കോടിയുടെ കള്ളപ്പണം പിടിക്കുകയും മൂന്ന് ലക്ഷം കടലാസ് കമ്പനികള്‍ പൂട്ടിക്കുകയും ചെയ്തതായി പ്രധാനമന്ത്രിയുടെ അവകാശവാദം. നോട്ട് നിരോധനം തൊഴിലില്ലായ്മ കൂട്ടിയെന്ന ആരോപണം ആജ് തക് ചാനലിന് നല്കിയ അഭിമുഖത്തിലാണ് മോഡി നിഷേധിച്ചത്. ബിസിനസ് രംഗം ശുദ്ധീകരിക്കാനും നികുതി വരുമാനം വര്‍ദ്ധിപ്പിക്കാനുമാണ് ഈ നീക്കം കൊണ്ടു ഗുണമുണ്ടായതെന്നും മറിച്ചുള്ള വാദങ്ങള്‍ സ്ഥിതിവിവര കണക്കുകളുടെ പിന്‍ബലമില്ലാതെ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഉയര്‍ത്തുന്ന വാദമാണെന്നും പറഞ്ഞു.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമായിരുന്നില്ല നോട്ട നിരോധനം. കള്ളപ്പണത്തിന്റെ ഒഴുക്കാണ് നോട്ടു നിരോധനം തടഞ്ഞത്. നോട്ടു നിരോധനവിഷയത്തില് ആള്‍ക്കാരുടെ മനോഭാവത്തില്‍ മാറ്റം വന്നിട്ടുണ്ട്. ഇക്കാര്യം ഉയര്‍ത്തി യുപിയില്‍ തെരഞ്ഞെടുപ്പിനെ എതിരാളികള്‍ സമീപിച്ചപ്പോള്‍ ജനം അവരുടെ മുഖത്തടിച്ചെന്നും മോഡി പറഞ്ഞു. വാരണാസിയില്‍ നിന്നും മത്സരിക്കുന്ന മോഡി ബിജെപി നേതാക്കളുടെയും സഖ്യകക്ഷി നേതാക്കളുടെയും അകമ്പടിയോടെ ഇന്നലെ വാരണാസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.
അതേസമയം നോട്ടുനിരോധനം ഇന്ത്യയില്‍ വന്‍ തൊഴില്‍ പ്രതിസന്ധി സൃഷ്ടിച്ചതായി അസിം പ്രേംജി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ സസ്റ്റൈനബിള്‍ എംപ്ലോയ്മെന്റ് നടത്തിയ പഠനത്തില്‍ പറയുന്നു. രാജ്യത്ത് 50 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയ എന്‍.എസ്.എസ്.ഒ റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. രണ്ടു റിപ്പോര്‍ട്ടിലും തൊഴിലില്ലായ്മ ആറ് ശതമാനം കൂടിയെന്നും 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിച്ചിരുന്നു. 2016 ലെ നോട്ടു നിരോധനത്തിന് ശേഷം അനൗദ്യോഗിക തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് കൂടുതലും തൊഴില്‍ നഷ്ടം സംഭവിച്ചതെന്നാണ് രണ്ടു റിപ്പോര്‍ട്ടുകളും പറയുന്നു.






