
കോട്ടയം: കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്തെന്ന ആരോപണത്തിനു പിന്നാലെ സി.പി.എമ്മിനെതിരെ രൂക്ഷ പരിഹാസവുമായി എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ്. സി.പി.എം ആചാരങ്ങള്‍ക്ക് എതിരാണെന്ന് ആരാണ് പറഞ്ഞത്? എല്ലാ തിരഞ്ഞെടുപ്പിലും മുടങ്ങാതെ നടത്തുന്ന ആചാരം ഇത്തവണയും ആവര്‍ത്തിച്ചു; മരിച്ചവര്‍ തിരിച്ചു വരുന്ന ദിവസം! വിഷ്ണുനാഥ് പറയുന്നു.
സി.പി.എം കള്ളവോട്ട് ചെയ്തെന്ന് തെളിയിക്കുന്ന കാസര്‍കോട് പിലാത്തറ ബൂത്തിലെ ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. ആളുമാറി വോട്ടു ചെയ്യുന്നതും ഒരാള്‍ തന്നെ രണ്ടു വോട്ടുചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. വ്യാജ തിരിച്ചറിയല്‍കാര്‍ഡ് ഉപയോഗിച്ചെന്നും ആരോപണമുണ്ട്. പഞ്ചായത്ത് വനിതാ അംഗവും മുന്‍ അംഗവും കള്ളവോട്ട് ചെയ്തവരില്‍ ഉള്‍പ്പെടുന്നതായും പരാതിയുണ്ട്.
പി.സി.വിഷ്ണുനാഥിന്റെ കുറിപ്പിങ്ങനെ
സിപിഎം ആചാരങ്ങള്‍ക്ക് എതിരാണ് എന്ന് ആരാണ് പറഞ്ഞത്? എല്ലാ തിരഞ്ഞെടുപ്പിലും മുടങ്ങാതെ നടത്തുന്ന ആചാരം ഇത്തവണയും ആവര്‍ത്തിച്ചു; മരിച്ചവര്‍ തിരിച്ചു വരുന്ന ദിവസം! പക്ഷേ ഇത്തവണ സാമ്രാജ്യത്വ ഉപകരണമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഇനി സാംസ്കാരിക നായകന്മാര്ക്കു പുറത്തുവരാം.
ഫാഷിസത്തെയും സാമ്രാജ്യത്വത്തെയും പരാജയപ്പെടുത്താന്‍ കള്ളവോട്ടും ആയുധമാക്കാം എന്നു പറയാം. 'കള്ളവോട്ടും കലയും' എന്ന വിഷയത്തില്‍ ദേശീയ, സംസ്ഥാന അവാര്‍ഡ് നേടിയ ചലച്ചിത്ര സംവിധായകരുടെയും നടീനടന്മാരുടെയും നേതൃത്വത്തില്‍ സെമിനാര്‍, 25 വര്‍ഷം തുടര്‍ച്ചയായി കള്ളവോട്ടു ചെയ്തവരെ ആദരിക്കല്‍, കള്ളവോട്ടും മൗലികതയും എന്ന മോഷ്ടിക്കാത്ത കവിതയുടെ പ്രകാശനം.. വേഗമാകട്ടെ, സാംസ്കാരിക കേരളം കാത്തിരിക്കുന്നു.






