
തിരുവനന്തപുരം : കോണ്‍ഗ്രസ് ഉയര്‍ത്തിയ കള്ളവോട്ട് ആരോപണങ്ങളില്‍ സംഭവം സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. കാസര്‍ഗോഡ് മണ്ഡലത്തിലെ കല്യാശ്ശേരിയില്‍ പിലാത്തറ എയുപി സ്കൂളിലെ 19 ാം നമ്പര്‍ ബൂത്തില്‍ മൂന്ന് പേര് രണ്ടു തവണ വോട്ടു ചെയ്തതായി ടീക്കാറാം മീണ പറഞ്ഞു. പഞ്ചായത്തംഗം സെലീന, പത്മിനി, സുമയ്യ എന്നിവരാണ് കള്ള വോട്ടു ചെയ്തത്.
പത്മിനി രണ്ടു തവണ ഒരേ ബൂത്തില്‍ വോട്ടു ചെയ്തപ്പോള്‍ പഞ്ചായത്ത് അംഗം സെലീനയും മുൻ പഞ്ചായത്ത് അംഗം സുമയ്യയും ബൂത്ത് മാറി വോട്ട് ചെയ്തു. സെലീനയും സുമയ്യയും 19 ാം നമ്പര്‍ ബൂത്തിലെ ആള്‍ക്കാരല്ല. മൂന്ന് പേര്‍ക്കുമെതിരേ കേസെടുക്കാന്‍ വരണാധികാരിക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കള്ളവോട്ട് പരാതികള്‍ ഗൗരവത്തില്‍ കാണുമെന്ന് ടീക്കാറാം മീണ പറഞ്ഞു. കള്ളവോട്ടിന് സഹായിച്ച എല്‍ഡിഎഫ് ബൂത്ത് ഏജന്റിനെതിരേ പരാതി നല്‍കും. എംപി സെലീനയുടെ പഞ്ചായത്തംഗം പദവി റദ്ദാക്കാനും ശുപാര്‍ശയുണ്ട്.
സലീന പഞ്ചായത്ത് അംഗത്വം രാജി വച്ച് അന്വേഷണം നേരിടണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. പ്രിസൈഡിംഗ് ഓഫീസര്‍ ചട്ടം പാലിച്ചില്ലെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. വെബ് കാസ്റ്റിംഗ് സംവിധാനത്തിന്റെ വിജയമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളതെന്നും ടിക്കാറാം മീണ അവകാശപ്പെട്ടു. റീ പോളിംഗിനെക്കുറിച്ച് ചിന്തിക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും മീണ പറഞ്ഞു. കള്ളവോട്ട് സംബന്ധിച്ച എല്ലാ പരാതികളും പരിശോധിക്കുമെന്നും മീണ വ്യക്തമാക്കിയിട്ടുണ്ട്. വീഡിയോ ദൃശ്യം സഹിതമുള്ള ആരോപണമാണ് ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നത്. ദൃശ്യങ്ങൾ സഹിതം ആരോപണം ആദ്യം പുറത്തു വിട്ടത് കോൺഗ്രസ് ആയിരുന്നു.
ചെയ്തത് ഓപ്പൺ വോട്ടാണെന്നും കള്ളവോട്ട് ചെയ്ത് ജയിക്കേണ്ട സാഹചര്യമില്ലെന്നും സിപിഎം പ്രതികരിച്ചു. കാസര്‍ഗോഡ് റീ പോളിംഗ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്. കാസർകോട് മണ്ഡലത്തിൽ 110 ബൂത്തുകളിൽ റീപോളിങ് വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റ് വഴിയാണ് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരിക്കുന്നത്.






