
ഹാനോയ്: വിയറ്റ്‌നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപം വിനോദസഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞ് 13 പുരുഷന്മാരും രണ്ടു സ്‌ത്രീകളും ഉള്‍പ്പെടെ 15 ഇന്ത്യക്കാര്‍ മരിച്ചു. മരിച്ചവരില്‍ കൊട്ടാരക്കര സ്വദേശികളായ ദമ്പതികളും.
ബോട്ടില്‍ 36 പേരുണ്ടായിരുന്നു. 32 ഇന്ത്യന്‍ വിനോദസഞ്ചാരികളും മൂന്ന് ജീവനക്കാരും ഒരു സഹായിയും ഉള്‍പ്പെടെയാണിത്. 21 പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ 10 പേര്‍ തമിഴ്‌നാട്ടുകാരും മൂന്നുപേര്‍ ആന്ധ്രാപ്രദേശ് സ്വദേശികളുമാണ്.
കൊട്ടാരക്കര വിക്‌ടറി മെഡില്‍ ഷോപ്പ് ഉടമയും ലാവ മൊബൈല്‍ കൊല്ലം ജില്ലാ ഡിസ്‌ട്രിബ്യൂട്ടറുമായ എ.സി. തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവര്‍ മരിച്ചവരില്‍ ഉള്‍പ്പെടും.
ഹോണ്‍ മേയ് റൂട്ട് എന്‍ഗോയ് ദ്വീപില്‍നിന്ന് ആന്‍ തോയ് തുറമുഖത്തേക്കു പുറപ്പെട്ടതിനു തൊട്ടുപിന്നാലെ പ്രാദേശികസമയം ഇന്നലെ രാവിലെ പത്തരയോടെയാണ് സ്‌പീഡ് ബോട്ട് മറിഞ്ഞത്. പ്രക്ഷുബ്‌ധമായ കടലും ശക്‌തമായ കാറ്റുമാണ് അപകടത്തിനു വഴിമാറിയത്. മുഴുവന്‍ യാത്രക്കാരും ജീവനക്കാരും വെള്ളത്തില്‍ വീണു. കരയില്‍നിന്ന് നാനൂറു മീറ്റര്‍ അകലെ ബോട്ട് കീഴ്‌മേല്‍ മറിയുകയായിരുന്നു. ഓഷ്യന്‍ പേള്‍ ഐലന്‍ഡ് കമ്പനിയുടേതാണ് ബോട്ട്.
ദുരിതബാധിതരെ സഹായിക്കാന്‍ ഇന്ത്യന്‍ ദൗത്യസംഘം കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ഇന്ത്യന്‍ അംബാസഡറും എംബസി ഉദ്യോഗസ്‌ഥരും ഫു ക്വോക്ക് ദ്വീപിലേക്ക് തിരിച്ചു. കോണ്‍സുലാര്‍ സഹായം നിരീക്ഷിക്കുന്നതിനും വിയറ്റ്‌നാമീസ് അധികൃതരുമായി ചേര്‍ന്നു തുടര്‍നടപടികള്‍ ഏകോപിപ്പിക്കാനും ദുരിതബാധിതരായ ഇന്ത്യന്‍ പൗരന്മാരെ സഹായിക്കുന്നതിനുമാണിത്.
അതിനിടെ, തങ്ങളുടെ ഏതാനും ടീം അംഗങ്ങളും ചാനല്‍ പങ്കാളികളും അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ലാവ മൊബൈല്‍സ് ഫെയ്‌സ്‌ബുക്ക് പോസ്‌റ്റില്‍ അവകാശപ്പെട്ടു.
ആന്ധ്രാപ്രദേശ് മാനവവിഭവശേഷി വികസന മന്ത്രി നര ലോകേഷ് അപകടത്തെക്കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്‌ഥരുമായി ആശയവിനിമയം നടത്തി.
ദുരിതബാധിതരായ വിനോദസഞ്ചാരികളെയും കുടുംബങ്ങളെയും സഹായിക്കുന്നതിനായി, ഇന്ത്യന്‍ മിഷന്‍ രണ്ടിടങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ഹോചിമിന്‍ സിറ്റിയിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയും ഹനോയിയിലെ എംബസിയും.വിവരങ്ങളോ സഹായമോ തേടുന്നവര്‍ക്ക് +84 36 281 7930, +84 91 552 37 14, +84 33 452 0414 എന്നീ നമ്പറുകളില്‍ ഹോ ചി മിന്‍ സിറ്റിയിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. ഹനോയിയിലെ കണ്‍ട്രോള്‍ റൂമുമായി +84 91 308 9165 എന്ന നമ്പറില്‍ ബന്ധപ്പെടാം. ദുരന്തത്തില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ അനുശോചിച്ചു.






