
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ പീസ് ടി.വിക്ക് ശ്രീലങ്കയിലും നിരോധനം. യുവാക്കളെ ഐ.എസില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്ത്യയും ബംഗ്ലാദേശും പീസ് ടിവിക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നു.
ശ്രീലങ്കയിലെ ഏറ്റവും വലിയ രണ്ട് കേബിള്‍ ഓപ്പറേറ്റര്‍മാരായ സയലോഗ്, എല്‍ടി എന്നിവര്‍ പീസ് ടി,വിയുടെ സംപ്രേക്ഷണം അവസാനിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്‍.ഐ.എ പിടികൂടിയ റിയാസ് അബൂബക്കറിന് ശ്രീലങ്കയില്‍ നടന്ന സ്ഫോടനങ്ങളിലും പങ്കുണ്ടെന്നാണ് സൂചന. ഇയാള്‍ സാക്കിര്‍ നായിക്കിന്റെ അനുയായിയാണെന്ന് സമ്മതിച്ചതായുള്ള എന്‍.ഐ.എ റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് സാക്കിര്‍ നായിക്കിന്റെ പീസ് ടിവിയുടെ സംപ്രേക്ഷണം ശ്രീലങ്കയില്‍ നിര്‍ത്തലാക്കുന്നത്.
ഇന്ത്യ സാക്കിര്‍ നായിക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ അറസ്റ്റ് ഒഴിവാക്കാനായി അദ്ദേഹം മലേഷ്യയിലേയ്ക്ക് കടക്കുകയായിരുന്നു. ഇസ്ലാമിന്റെ പേരിലോ അല്ലാതെയോ തീവ്രവാദം പ്രചരിപ്പിച്ചിട്ടില്ലെന്നും, സാമാധാനത്തിനും ഒത്തൊരുമയ്ക്കും വേണ്ടിയാണ് എല്ലാക്കാലവും വാദിച്ചതെന്നുമാണ് സാക്കിര്‍ നായിക്ക് വാദിക്കുന്നത്.
മാധ്യമങ്ങള്‍ തന്റെ പ്രസംഗങ്ങളെ തെറ്റായ രീതിയില്‍ വ്യാഖ്യാനം ചെയ്തു. ഇതിലൂടെയാണ് താന്‍ തീവ്രവാദിയും കള്ളപ്പണം വെളുപ്പിക്കുന്നവനുമായി ചിത്രീകരിക്കപ്പെട്ടതെന്നും സാക്കിര്‍ നായിക് പറഞ്ഞു. നേരത്തേ മലേഷ്യയില്‍ നിന്ന് മുംബൈയിലുള്ള ദൂതന് വഴി അയച്ച പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്.






