ബോപ്പാല്‍: ബി.എസ്.പി അധ്യക്ഷ മായാവതിക്ക് മറുപടിയുമായി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ മാറ്റുമെന്നും എല്ലാ പാര്‍ട്ടികളും ബി.ജെ.പിയെ എതിര്‍ക്കുക എന്ന ഒറ്റലക്ഷ്യം മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നതെന്നും കമല്‍നാഥ് പറഞ്ഞു. ബി.ജെ.പിയെ പുറത്താക്കുക എന്ന ഞങ്ങളുടെ ലക്ഷ്യം തന്നെയാണ് മായാവതിയുടെ പാര്‍ട്ടിയും പിന്തുടരുന്നത്. ഇക്കാര്യത്തില്‍ ഭിന്നതയില്ല. തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ അത് പരിഹരിക്കുമെന്നും കമല്‍നാഥ് പറഞ്ഞു.
മധ്യപ്രദേശിലെ ഗുണ മണ്ഡലത്തിലെ ബി.എസ്.പി സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിച്ച് മറുകണ്ടം ചാടിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് വേണ്ടിയാണ് ബി.എസ്.പി സ്ഥാനാര്‍ത്ഥി ലോകേന്ദ്ര സിംഗ് രാജ്പുത്തിന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിച്ചത്. ലോകേന്ദ്ര സിംഗ് രാജ്പുത് കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു.
കോണ്‍ഗ്രസ് നടപടിയോട് രൂക്ഷമായാണ് മായാവതി പ്രതികരിച്ചത്. കോണ്‍ഗ്രസ് ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ മധ്യപ്രദേശ് സര്‍ക്കാരിന് നല്‍കിവരുന്ന പിന്തുണ പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്നായിരുന്നു മായാവതിയുടെ പ്രതികരണം. അധികാരം ദുരുപയോഗം ചെയ്യുന്നതില്‍ കോണ്‍ഗ്രസ് ബി.ജെ.പിയില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ലെന്നും ഗുണയില്‍ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ ഗുണയില്‍ മത്സരിക്കുമെന്നും മായാവതി വ്യക്തമാക്കിയിരുന്നു.
മധ്യപ്രദേശിലെ 230 അംഗ നിയമസഭയില്‍ മായാവതിയുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 116 എം.എല്‍.എമാരുടെ പിന്തുണ ആവശ്യമായ മധ്യപ്രദേശില്‍ ബി.എസ്.പിയുടെയും എസ്.പിയുടേയും സ്വതന്ത്രരുടേയും പിന്തുണയിലാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. പതിനഞ്ച് വര്‍ഷം മധ്യപ്രദേശ് ഭരിച്ച ബി.ജെ.പിക്ക് 109 സീറ്റുണ്ട്.






