
ന്യൂഡല്‍ഹി: ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി യു.എസ് പ്രഖ്യാപിച്ചതിന് പിന്നില്‍ പുല്‍വാമ ആക്രമണവും നിര്‍ണായക പങ്ക് വഹിച്ചുവെന്ന് ഇന്ത്യ. വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാറിന്റേതാണ് പ്രതികരണം. പുല്‍വാമ ഭീകരാക്രമണം പ്രത്യേകം പരാമര്ശിച്ചില്ലെന്ന ആക്ഷേപങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും പ്രത്യേക സംഭവങ്ങളുടെ അടിസ്ഥാനത്തിലല്ല മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. എന്നാല്‍ ഇന്ത്യ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് യു.എസ് നടപടി സ്വീകരിച്ചത്. അതില്‍ പുല്‍വാമ സംഭവവും ഉള്‍പ്പെടുന്നുവെന്നും രവീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്നും പാക്കിസ്ഥാന് നയതന്ത്ര തിരിച്ചടിയാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതും ഇന്ത്യ നിരത്തിയ തെളിവുകളില്‍ വ്യക്തമാക്കിയിരുന്നു. മസുദിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതിനെ യു.എന്നില്‍ എതിര്‍ത്ത ചൈന യു.എസ് പ്രഖ്യാപനത്തെ പിന്തുണച്ചിരുന്നു. ഇതിനായി ഇന്ത്യ പ്രത്യേക ഇടപെടലുകളൊന്നും നടത്തിയിട്ടില്ലെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു.
രാജ്യസുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ മറ്റൊരു രാജ്യവുമായും വാദപ്രതിവാദത്തിന് ഇല്ല. ചൈനയുടെ നിലപാട് മാറ്റം ഇന്തോ-ചൈന ബന്ധം ശക്തമാക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബുധനാഴ്ചയാണ് യു.എസ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്.
അതേസമയം യു.എസ് നടപടി മോഡിയുടെ നേട്ടമായി അവതരിപ്പിച്ച് വോട്ട് നേടാനാണ് ബി.ജെ.പി ശ്രമം. യു.എസ് നടപടി മോഡിയുടെ നേട്ടമായി അവതരിപ്പിച്ച് ബി.ജെ.പി പ്രചരണം തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ വാജ്പേയ് സര്‍ക്കാരിന്റെ കാലത്ത് മസൂദ് അസറിനെ ഇന്ത്യന്‍ ജയിലില്‍ നിന്ന് വിട്ടയച്ചത് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് തിരിച്ചടിക്കുന്നത്. നടപടി സ്വാഗതാര്‍ഹമാണ്. എന്നാല്‍ പുല്‍വാമ ആക്രമണവും ജമ്മു കശ്മീരും പ്രത്യേകം എടുത്ത് പരാമര്‍ശിക്കാതിരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.







Comments