
കോഴിക്കോട്: മുഖാവരണം നിരോധിച്ചു കൊണ്ടുള്ള സര്‍ക്കുലറിനെതിരെ വീണ്ടും തുറന്നടിച്ച് സമസ്ത രംഗത്ത്. എംഇഎസ് പുറത്തിറക്കിയ സര്‍ക്കുലറുമായി മുന്നോട്ടു പോകുമെന്ന പ്രസിഡന്റ് ഫസല്‍ ഗഫൂറിന്റെ നിലപാട് പുനപരിശോധിക്കണമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ കൂടത്തായി പ്രതികരിച്ചു.
മുസ്ലീം സംഘടനകളെ അവഗണിച്ചുകൊണ്ട് എംഇഎസിന് മുന്നോട്ടു പോകാനാകില്ല. മുസ്ലീം സമൂഹത്തിന്റെ അവകാശങ്ങളില്‍ നിന്നുകൊണ്ടുള്ളതാണ് എംഇഎസിശന്റ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം. അതിനാല്‍ മുസ്ലീം സമൂഹത്തിന്റെ വികാരങ്ങളെ മാനിക്കണം. തങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കണമെന്ന ആവശ്യം പെണ്‍കുട്ടികള്‍ മുന്നോട്ടു വെച്ചാല്‍ എംഇഎസിന് അത് അംഗീകരിക്കേണ്ടി വരുമെന്നും നാസര്‍ വ്യക്തമാക്കി.
സമസ്ത മാത്രമല്ല എംഎസ്എഫ്, ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളും സര്‍ക്കുലറിനെ എതിര്‍ത്ത് രംഗത്തെത്തിയതും നാസര്‍ ചൂണ്ടിക്കാട്ടി. ഡ്രസ് കോഡ് എന്നതിനപ്പുറം ഇതൊരു മനുഷ്യാവകാശ പ്രശ്നം കൂടിയാണെന്ന് നാസര്‍ കൂട്ടിച്ചേര്‍ത്തു. സ്വന്തം അജണ്ട നടപ്പാക്കാനുള്ള തുരുപ്പ് ചീട്ടായി കോടതി വിധിയെ ഫസല്‍ ഗഫൂര്‍ മാറ്റുകയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. നിയമപരമായി നേരിടേണ്ടി വരുമെങ്കില്‍ അതിനും സമസ്ത തയാറാകുമെന്നും പറഞ്ഞു.






