
ഷുജാല്‍പൂര്‍(മധ്യപ്രദേശ്): പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഴിമതി, നോട്ട് നിരോധനം, ജിഎസ്ടി, കര്‍ഷകരുടെ പ്രശ്നം എന്നീ വിഷയങ്ങളില്‍ മൂന്നു മണിക്കൂര്‍ മാത്രം ഉറങ്ങുന്ന പ്രധാനമന്ത്രി താനുമായി സംവാദത്തിന് തയാറുണ്ടോ എന്ന് രാഹുല്‍ ഗാന്ധി വെല്ലുവിളിച്ചിരിക്കുന്നത്. മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെയാണ് രാഹുല്‍ ഗാന്ധി സംവാദത്തിന് ക്ഷണിച്ച്, മോഡിക്കെതിരെ രാഹുല്‍ ഗാന്ധി തുറന്നടിച്ചത്.
മോഡിക്ക് തന്നോട് വ്യക്തിപരമായ വെറുപ്പ് ആണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. സ്നേഹം നിറഞ്ഞ രാജ്യമായിരുന്നു നമ്മുടേത്. ഈ രാജ്യത്ത് അദേഹം വെറുപ്പ് നിറച്ചു. പൊതുവേദികളില്‍ താന്‍ സ്നേഹത്തോടെയാണ് അദേഹത്തോട് പെരുമാറിയിട്ടുള്ളത്. എന്നാല്‍ പോലും അദേഹം തനിക്ക് മറുപടി നല്‍കാറില്ല. ബഹുമാനത്തോടെ സംസാരിച്ചു. എന്നാല്‍ അദേഹം സംസാരിക്കുക പോലും ചെയ്തില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
എങ്ങനെ രാജ്യം ഭരിക്കാന്‍ പാടില്ലെന്ന് പ്രധാനമന്ത്രി മോഡി തനിക്ക് കാണിച്ചു തന്നു. ഒരാളേയും ചെവിക്കൊള്ളാതെ ഭരിച്ചാല്‍ രാജ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായി മുന്നോട്ടു പോകില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് നരേന്ദ്ര മോഡിയെ തോല്‍പ്പിക്കാനാകില്ലെന്നാണ് ചിലര്‍ പറഞ്ഞിരുന്നത്. പക്ഷെ ഞങ്ങള്‍ പിന്‍വാങ്ങിയില്ല. പാര്‍ലമെന്റിലും പുറത്തും ഞങ്ങള്‍ പോരാട്ടം തുടര്‍ന്നു. ഇന്നിപ്പോള്‍ അദേഹം ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു. നരേന്ദ്രമോഡി വിജയിക്കുമെന്ന് ഇപ്പോള്‍ ആരും പറയുന്നില്ല'. രാഹുല്‍ പറഞ്ഞു.
അതേസമയം ഫലപ്രഖ്യാപനം വരുന്നതിന് മുമ്പ് തനിക്ക് പ്രധാനമന്ത്രി പദത്തെക്കുറിച്ച് മറുപടി പറയാനാകില്ലെന്നും രാഹുല്‍ വ്യക്തമാക്കി. എന്താണോ ജനങ്ങള്‍ ആഗ്രഹിക്കുന്നത്, അത് താന്‍ അനുസരിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി-ആര്‍എസ്എസ് പ്രത്യായശാസ്ത്രവും പുരോഗമന ശക്തികളുടെ പ്രത്യായശാസ്ത്രവും തമ്മിലുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നതെന്നും രാഹുല്‍ ചുണ്ടിക്കാട്ടി. മുന്‍ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധി, നെഹ്റു, ഇന്ദിരാ ഗാന്ധി എന്നിവരെക്കുറിച്ച് മോഡി നടത്തുന്ന പ്രചാരണങ്ങള്‍ക്കും രാഹുല്‍ ഗാന്ളധി പ്രതികരിച്ചു. തനിക്കറിയാം അദേഹം നുണ പ്രചരിപ്പിക്കുകയാണെന്ന്. എനിക്കറിയാം അതിലെ സത്യം എന്താണെന്നും' രാഹുല്‍ പറഞ്ഞു.






