
വീട്ടില്‍ ആനകൊമ്പ് സൂക്ഷിച്ച കേസില്‍ ഹൈക്കോടതിയില്‍ മോഹന്‍ലാലിനു വേണ്ടി ഹാജരായത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ മകള്‍ രശ്മി ഗൊഗോയ്. മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനടക്കം പ്രതിയായുള്ള കേസില്‍ ആനക്കൊമ്പിന്റെ കൈവശാവകാശം സംബന്ധിച്ച് നല്കിയ ഹര്‍ജിയിലാണ് മോഹന്‍ലാലിനു വേണ്ടി രശ്മി ഹാജരായത്.
മോഹന്‍ലാലിനും തിരുവഞ്ചൂരിനുമെതിരെ ത്വരിതാന്വേഷണത്തിനു മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ ഉത്തവിട്ടിരുന്നു. എന്നാല്‍ ഉത്തരവിനെ ചോദ്യം ചെയ്ത് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിക്കുകയും തുടര്‍ന്ന ത്വരിതാന്വേഷണം കോടതി റദ്ദാക്കുകയായിരുന്നു.
മോഹന്‍ലാലിന്റെ തേവരയിലെ വസതിയില്‍ നിന്ന് 2012 ജൂണിലാണ് ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. മോഹന്‍ലാലിനെ പ്രതിയാക്കി കോടതി കേസെടുക്കുകയും ചെയ്തിരുന്നു. 2015 ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കാലത്ത് മോഹന്‍ലാലിനു ആനക്കൊമ്പ് കൈവശം വെയ്ക്കുന്നതിനുള്ള അനുമതി നല്കി.
ആനക്കൊമ്പുകള്‍ 65,000 രൂപ കൊടുത്ത് വാങ്ങി എന്നാണ് മോഹന്‍ലാല്‍ നല്കിയ വിശദീകരണം. റെയ്ഡില്‍ ആനക്കൊമ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് കോടനാട് ഫോറസ്റ്റ് അധികൃതര്‍ കേസെടുത്തു. എന്നാല്‍ പിന്നീട് കേസ് റദ്ദാക്കി.






