
മലയാളം, ഹിന്ദി, തമിഴ് സിനിമ മേഖലയില്‍ എക്കാലത്തെയും ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് പ്രിയദര്ശന്. മോഹല്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ പിറന്ന സിനിമകള്‍ എല്ലാ കാലത്തും വന്‍ഹിറ്റുകളാണ്. ഇപ്പോള്‍ സിനിമയിലെ ദ്വയാര്‍ത്ഥ പ്രയോഗങ്ങളെ കുറിച്ച് പറയുകയാണ് അദ്ദേഹം. ദ്വയാര്‍ത്ഥ പ്രയോഗങ്ങളുള്ള തിരക്കഥ എഴുതാന്‍ തനിക്കാവില്ലെന്നാണ് പ്രിയന് തുറന്നു പറയുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്റെ ഈ തുറന്നു പറച്ചില്.
'' സിനിമയില്‍ തമാശരൂപത്തില്‍ ഉപയോഗിക്കുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ കോമഡിയാണെന്ന് തോന്നിയിട്ടില്ല. ഒരു കുട്ടി അച്ഛന്റെയും അമ്മയുടെയും ഒപ്പമിരുന്ന് സിനിമ കാണുമ്പോള്‍ സിനിമയിലെ രംഗങ്ങള്‍ കണ്ട് ആ അച്ഛനുമമ്മയും ഒരിക്കലും നാണം കെടരുത് എന്നു തോന്നാറുണ്ട്. എല്ലാവരുടെയും മനസില്‍ ഒരു കുട്ടിയുണ്ട്. ആ കുട്ടിയ്ക്കു വേണ്ടിയാണ് ഞാന്‍ സിനിമ ചെയ്യുന്നത്. എന്റെ സിനിമകള്‍ ഉദാത്തമായവയാണ് എന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. കാണാന്‍ ചിലത് രസകരമായിരിക്കം, ചിലത് മോശമായിട്ടുണ്ടാവും. ചെയ്ത സിനിമകളെല്ലാം വിജയകരമാക്കിയ ആരും ഈ ലോകത്തില്ല. ചില സിനിമകള്‍ ചെയ്യേണ്ടി വരുന്ന മാനസികാവസ്ഥ, ചുറ്റുപാടുകള്‍, അങ്ങനെ പല കാരണങ്ങള്‍ കൊണ്ടും ചിലത് മോശമായിപ്പോകും. എങ്കിലും സിനിമ ചെയ്യുമ്പോള്‍ രസിച്ചു ചെയ്യണമെന്നു തന്നെയാണ് തോന്നിയിട്ടുള്ളത്.'' -പ്രിയദര്ശന് പറഞ്ഞു.
'' കിലുക്കത്തിലെ തമാശാരംഗങ്ങളില്‍ മോഹന്‍ലാലിന്റെയും ജഗതിയുടെയുമെല്ലാം ടൈമിങാണ് അതിലെ ഹൈലൈറ്റ്. എഴുതപ്പെട്ട സീനാണെങ്കില്‍ പോലും അവരുടെ പ്രകടനം കണ്ട് കട്ട് പറയാന്‍ മറന്നു പോയിട്ടുണ്ട്. എന്റെ സിനിമകള്‍ക്ക് യുക്തിവിചാരങ്ങളൊന്നും തന്നെയില്ല. ഒരു പോക്കാണ്. അതില്‍ രസം എന്ന ഘടകമുണ്ടോ എന്നേ ചിന്തിക്കാറുള്ളൂ. സിനിമയില്‍ കൊമേഡിയന്മാരെ അവരുടെ ഇഷ്ടമനുസരിച്ച് കോമഡി രംഗങ്ങള്‍ കൊണ്ടു പോകാന്‍ അനുവദിക്കണമെന്ന് പറയുന്നതിനോട് യോജിപ്പില്ല. അത് കുഴപ്പമാകും.
കിലുക്കം പോലെയുള്ള ചില സിനിമകള്‍ കണ്ടാല്‍ കൃത്യമായ തിരക്കഥ അനുസരിച്ച് മുമ്പോട്ടു പോകന്നവയല്ലെന്നു തോന്നുമെങ്കിലും അത് എഴുതിയതു തന്നെയാണ്. ഇതാണ് അതിര്. ഇതേ പറയാവൂ എന്നു പറഞ്ഞ് അവര്‍ക്ക് തിരക്കഥയിലെ ഭാഗങ്ങള്‍ കാണിച്ചു കൊടുക്കണം. കിലുക്കത്തിലെ കോമഡി സീനുകളെല്ലാം എഴുതിയതു തന്നെയാണ്. ഒരക്ഷരം പോലും മാറ്റിയിട്ടില്ല. സീനുകള്‍ എഴുതിക്കൊടുത്ത് അത് തന്നെ പറയണമെന്ന് അഭിനേതാക്കളോട് പറയും. പിന്നെയുള്ളതെല്ലാം അവരുടെ പെര്‍ഫോമന്‍സാണ്.'' - പ്രിയദര്ശന് കൂട്ടിച്ചേര്‍ത്തു.






