കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃണമുല്‍ കോണ്‍ഗ്രസില്‍ അച്ചടക്ക നടപടി. ബിജ്പൂര്‍ എം.എല്‍.എ സുഭ്രംഗ്ഷു റോയിയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി വിരുദ്ധ പ്രസ്താവന നടത്തിയതിന്റെ പേരിലാണ് നടപടി. തൃണമുല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാവ് മുകുള്‍ റോയിയുടെ മകനാണ് സുഭ്രംഗ്ഷു റോയി. ആറ് വര്‍ഷത്തേക്ക് സുഭ്രംഗ്ഷു റോയിയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പാര്‍ത്ഥ ചാറ്റര്‍ജിയാണ് നടപടി പ്രഖ്യാപിച്ചത്.
സുഭ്രംഗ്ഷു റോയി കഴിഞ്ഞ കുറെ നാളുകളായി പാര്‍ട്ടി വിരുദ്ധ പ്രസ്താവനകള്‍ നടത്തി വരികയാണെന്നും അതിനാല്‍ പാര്‍ട്ടിയുടെ അച്ചടക്ക സമിതി കൂടിയാലോചിച്ച ശേഷം മുഖ്യമന്ത്രി മമതയുടെ കുടി പിന്തുണയോടെയാണ് അച്ചടക്ക നടപടി സ്വീകരിക്കുന്നതെന്നും പാര്‍ത്ഥ ചാറ്റര്‍ജി അറിയിച്ചു. ബാരക്ക്പൂര്‍ ലേക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ബിജ്പൂര്‍ മണ്ഡലത്തിലെ എം.എല്‍.എയാണ് സുഭ്രംഗ്ഷു റോയി. സുഭ്രംഗ്ഷു റോയിയുടെ പിതാവ് മുകുള്‍ റോയിയാണ് ഇവിടെ ബി.ജെ.പിയുടെ പ്രചരണം നയിച്ചത്. പിതാവിന്റെ നേതൃപാടവത്തെ പ്രശംസിച്ചതാണ് സുഭ്രംഗ്ഷു റോയിക്ക് വിനയായത്.
തന്റെ മണ്ഡലത്തില്‍ തൃണമുല്‍ കോണ്‍ഗ്രസിന് ലീഡ് നേടിക്കൊടുക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ പിതാവിന്റെ സംഘടനാ മികവിന് മുന്നില്‍ അത് സാധ്യമായില്ലെന്നും സുഭ്രംഗ്ഷു റോയി ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. പിതാവിന് മുന്നില്‍ പരാജയപ്പെട്ടുവെന്ന് പറയുന്നതില്‍ ഖേഖമില്ല. ബംഗാള്‍ രാഷ്ട്രീയത്തിലെ യഥാര്‍ത്ഥ ചാണക്യനാണ് തന്റെ പിതാവെന്നും സുഭ്രംഗ്ഷു റോയി അവകാശപ്പെട്ടു. ഇതിന് പിന്നാലെയാണ് അച്ചടക്ക നപടി വരുന്നത്.
തൃണമുല്‍ കോണ്‍ഗ്രസിലെ രണ്ടാമനും മമതാ ബാനര്‍ജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്നു മുകുള്‍ റോയി. ശാരദ ചിട്ടി തട്ടിപ്പ് കേസിലെ മുഖ്യ ആരോപണവിധേയരില്‍ ഒരാളായിരുന്ന മുകുള്‍ റോയ് മമതയുമായി തെറ്റിയതോടെ 2017 നവംബറില്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഇത്തവണ ബംഗാളില്‍ ബി.ജെ.പി 18 സീറ്റ് നേടിയതിന് പിന്നില്‍ മുകുള്‍ റോയിയുടെ പ്രവര്ത്തനമികവാണെന്നാണ് വിലയിരുത്തപ്പെടുന്നത്.






